മാൾട്ടയുടെ ആദ്യത്തെ എയർ ഡെലിവറി സർവീസായ ഫ്ലൈ സീറോക്ക് അനുമതി
മാള്‍ട്ടയുടെ ആദ്യത്തെ എയര്‍ ഡെലിവറി സര്‍വീസായ ഫ്ലൈ സീറോക്ക് ട്രാന്‍സ്പോര്‍ട്ട് മാള്‍ട്ട സിവില്‍ ഏവിയേഷന്‍ ഡയറക്ട്രേറ്റിന്റെ ഔദ്യോഗിക അനുമതി. SKY ThinkTank, SKY Mobiltiy എന്നിവയ്ക്ക് കീഴിലുള്ള ഒരു പയനിയര്‍ ബ്രാന്‍ഡായ സീറോ വേഗതയേറിയതും എമിഷന്‍ രഹിതവും വിശ്വസനീയവുമായ ഡ്രോണ്‍ അധിഷ്ഠിത സേവനങ്ങളാണ് നല്‍കുന്നത്. 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള 3 കിലോ വരെ പേലോഡുകള്‍ വഹിക്കാന്‍ കഴിവുള്ള, പൂര്‍ണ്ണമായും വൈദ്യുതവും പരിസ്ഥിതി സൗഹൃദവുമായ ഡ്രോണുകളാണ് ഫ്ലൈ സീറോയുടേത്.
റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും മലിനീകരണം ഒഴിവാക്കുന്നതിനുമായാണ് ഡ്രോണ്‍ സര്‍വീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 29ന് സെജ്തൂണിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ നിന്ന് സ്ലീമയിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലേക്കുള്ള ഒരു പരീക്ഷണ പറക്കലില്‍ സാധാരണ 21 മിനിറ്റ് കാര്‍ യാത്ര വരുന്ന ദൂരം ഏഴ് മിനിറ്റിനുള്ളില്‍ ഡ്രോണ്‍ പിന്നിട്ടിരുന്നു. ദ്വീപിന്റെ സുസ്ഥിര ലോജിസ്റ്റിക്സിലും ഹെല്‍ത്ത് കെയര്‍ ഡെലിവറിയിലും ഈ സര്‍വീസിന് നിര്‍ണായക മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. സമീപഭാവിയില്‍, മാള്‍ട്ടയെയും ഗോസോയെയും ബന്ധിപ്പിക്കുന്ന റൂട്ടുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വെറും 15 മിനിറ്റിനുള്ളില്‍ രണ്ടിടങ്ങളിലും സര്‍വീസ് സാധ്യമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.