അന്തർദേശീയം

ലെബനനില്‍ ഇസ്രയേലിന്റെ മിന്നല്‍ റെയ്ഡ്; തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍

ബെയ്‌റൂട്ട് : വടക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ പിടികൂടി. വടക്കന്‍ ലെബനനില്‍ നടന്ന ഓപ്പറേഷനില്‍ ഹിസ്ബുല്ല നേതാവായ ഇമാദ് അംഹാസിനെയാണ് ഇസ്രയേല്‍ നാവികസേന പിടികൂടിയത്. ഇസ്രയേലിന്റെ സമുദ്ര അതിര്‍ത്തിയില്‍ നിന്ന് 140 കിലോമീറ്റര്‍ വടക്കുള്ള ബട്രൂണിലായിരുന്നു മിന്നല്‍ റെയ്ഡ്. ഹിസ്ബുല്ലയുടെ നാവികസേനയുടെ പ്രവര്‍ത്തനങ്ങളില്‍ ഇമാദ് നിര്‍ണായക പങ്ക് വഹിച്ചിരുന്നതായി ഇസ്രയേല്‍ സൈന്യം പറയുന്നു.

അതേസമയം ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടികള്‍ക്ക് പല്ല് തകര്‍ക്കുന്ന രീതിയിലുള്ള തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി മുന്നറിയിപ്പ് നല്‍കി. ശത്രുക്കളായ അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും തീര്‍ച്ചയായും പല്ല് തകര്‍ക്കുന്ന പ്രതികരണം അര്‍ഹിക്കുന്നു. അതു ലഭിക്കുമെന്ന് ഓര്‍ത്തോളൂവെന്നും ഖമേനി പറഞ്ഞു. ലെബനനില്‍ ഇസ്രയേല്‍ സൈന്യം കമാന്‍ഡോ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഖമേനിയുടെ പ്രസ്താവന.

ഇറാന്റെ പരമാധികാരവും സുരക്ഷിതത്വവും ഭീഷണി നേരിട്ടാല്‍, രാജ്യത്തിന്റെ ആണവ നയം പുനഃപരിശോധിക്കുന്ന കാര്യം പരിഗണിച്ചേക്കുമെന്ന് ഖമേനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് കമാല്‍ ഖരാസി പറഞ്ഞു. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ യുഎസ് ആ52 ബോംബര്‍ വിമാനങ്ങള്‍ പശ്ചിമേഷ്യയിലേയ്ക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 5ന് മുമ്പ് ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button