കായല്‍ നടുവില്‍ ടൂറിസം കേന്ദ്രം സാമ്പ്രാണിക്കോടി ഇന്ന് വീണ്ടും തുറക്കും
കൊല്ലം : അഞ്ചാലുംമൂട് സാമ്പ്രാണിക്കോടി വിനോദ സഞ്ചാരകേന്ദ്രം ഇന്ന് വീണ്ടും തുറക്കും. ആയിരക്കണക്കിനു വിനോദ സഞ്ചാരികള്‍ എത്തുന്ന ഇവിടെ പുതിയ ടിക്കറ്റ് കൗണ്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഒരു മാസമായി കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു.
ബോട്ടുടമകളുമായി ഡിടിപിസി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ച മൂന്ന് കടവുകളില്‍ നിന്ന് പൂര്‍ണമായും ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനത്തിലാണ് പ്രവേശനം പുനരാരംഭിക്കുന്നത്. പ്രാക്കുളം സാമ്പ്രാണിക്കോടി, മണലില്‍ ക്ഷേത്രക്കടവ്, കുരീപ്പുഴ പള്ളി എന്നീ കടവില്‍ നിന്ന് സഞ്ചാരികള്‍ക്ക് കായല്‍ നടുവിലുള്ള ടൂറിസം കേന്ദ്രത്തിലേക്ക് ബോട്ടില്‍ എത്താം.
ഡിടിപിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.dtpckollam.com വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. സൗകര്യമുള്ള കൗണ്ടര്‍ തെരഞ്ഞെടുക്കാം. ഡിടിപിസിയില്‍ രജിസ്റ്റര്‍ചെയ്ത് സര്‍വീസ് നടത്തുന്ന ബോട്ടുകളെ മൂന്ന് ഗ്രൂപ്പാക്കി തിരിച്ച് ഓരോ ദിവസവും കൗണ്ടറുകള്‍ മാറി സര്‍വീസ് നടത്തുന്ന രീതിയില്‍ ടേണ്‍ സമ്പ്രദായമാണ് നടപ്പാക്കുന്നത്. എല്ലാ ബോട്ടുകള്‍ക്കും വരുമാനം തുല്യമായി ലഭിക്കുന്നതിനു വേണ്ടിയാണ് ടേണ്‍ സംവിധാനം.