പൊലീസ് മെഡലുകൾ മുഖ്യമന്ത്രി ഇന്ന് വിതരണം ചെയ്യും
തിരുവനന്തപുരം : എഡിജിപി എം.ആർ അജിത് കുമാറിന്‍റേതൊഴിച്ചുള്ള പൊലീസ് മെഡലുകൾ മുഖ്യമന്ത്രി ഇന്ന് വിതരണം ചെയ്യും. പൊലീസ് ആസ്ഥാനത്ത് നിന്ന് അറിയിപ്പുണ്ടാകും വരെ അജിത് കുമാറിന് മെഡൽ നൽകേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഇന്നലെ നിർദേശം നൽകിയിരുന്നു. ഇന്ന് നടക്കുന്ന കേരളപ്പിറവി ദിന പരേഡിൽ വെച്ചാണ് മെഡലുകൾ വിതരണം ചെയ്യുക.
സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരിൽ മുഖ്യമന്ത്രിയുടെ 2024- ലെ പൊലീസ് മെഡലുകൾ ലഭിച്ചത് രണ്ടേ രണ്ട് പേർക്ക് മാത്രമാണ്. എഡിജിപി എം.ആർ അജിത് കുമാറിനും സൈബർ ഓപ്പറേഷൻസ് എസ്.പി ഹരിശങ്കറിനും. മെഡൽ പ്രഖ്യാപിച്ച ശേഷമാണ് അജിത് കുമാറിനെതിരായ വിവാദങ്ങൾ തലപൊക്കിയത്. ഇതോടെ അജിത് കുമാറിന്‍റെ പേര് വെട്ടാൻ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് തീരുമാനിക്കുകയായിരുന്നു. ഡിജിപിക്ക് വേണ്ടി പൊലീസ് ആസ്ഥാനത്തെ എഐജിയാണ് ഉത്തരവിറക്കിയത്. ആസ്ഥാനത്ത് നിന്ന് ഇനി ഒരറിയിപ്പുണ്ടാകും വരെ അജിത് കുമാറിന് മെഡൽ വിതരണം ചെയ്യേണ്ടെന്നാണ് ഇതിലെ നിർദേശം. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കേരളപ്പിറവി ദിന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നേരിട്ട് മെഡൽ വിതരണം നടത്താനിരിക്കെയാണ് ഡിജിപിയുടെ നീക്കം.
അജിത് കുമാറിനെതിരെ തന്‍റെയും വിജിലൻസിന്‍റെയും അന്വേഷണങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് ഡിജിപിയുടെ വിശദീകരണം. അന്വേഷണം പൂർത്തിയായ ശേഷം അജിത് കുമാറിന് ക്ലീൻ ചിറ്റ് ലഭിച്ചാൽ മാത്രം മെഡൽ നൽകുന്നത് പരിഗണിക്കാമെന്നാണ് ഡിജിപിയുടെ പക്ഷം. ഇക്കാര്യം മുഖ്യമന്ത്രിയെയും ഡിജിപി അറിയിച്ചു. മുഖ്യമന്ത്രി ഇക്കാര്യം അംഗീകരിച്ചതോടെയാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് ഉത്തരവ് പുറത്തിറങ്ങിയത്.