‘ധർമരാജ് വരുമ്പോൾ സുരേന്ദ്രൻ ഓഫീസിൽ’; വെളിപ്പെടുത്തലിൽ ഉറച്ച് തിരൂർ സതീശ്
തൃശൂർ : കൊടകര കുഴൽപ്പണക്കേസിലെ വെളിപ്പെടുത്തലുകളിൽ ഉറച്ച് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ്. ധർമരാജ് എന്നയാൾ വരുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നുവെന്നും പണം ദിവസങ്ങളോളം ഓഫീസിൽ സൂക്ഷിച്ചെന്നും സതീശ് പറയുന്നു. പാർട്ടിക്ക് വേണ്ടി പണം അടച്ചതിന്റെ ചലാനും സതീഷ് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി.
സതീശ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്:
“പണം കൊണ്ടുവരുന്നതിന് 20 ദിവസം മുമ്പ് ധർമരാജ് ഓഫീസിൽ ഉണ്ടായിരുന്നു. അപ്പോൾ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ജില്ലാ അധ്യക്ഷനും പണം ഓഫീസിലുണ്ട്. പിന്നീടാണ് പണം കൊണ്ടുവരുന്നത്. ദിവസങ്ങളോളം പണം ഓഫീസിൽ സൂക്ഷിച്ചു. പാർട്ടി എനിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ സ്വാഭാവികമായേ കാണുന്നുള്ളൂ. ജില്ലാ അധ്യക്ഷൻ പറയുന്നത് പോലെ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ല. കടം വാങ്ങിയിട്ടുണ്ട്, സാമ്പത്തിക പരാധീനതകൾ മൂലമാണത്. പക്ഷേ അതും ചെറിയ തുകകളേ ഉള്ളൂ…
രണ്ട് വർഷം മുമ്പ് എന്നെ പുറത്താക്കി എന്നാണല്ലോ ജില്ലാ അധ്യക്ഷൻ പറഞ്ഞത്. എന്നാൽ കഴിഞ്ഞ വർഷം ഏപ്രിലിൽ പാർട്ടിക്ക് വേണ്ടി പണം അടച്ചതിന് ചലാൻ കയ്യിലുണ്ട്. രണ്ട് വർഷം മുമ്പ് പുറത്താക്കിയാൽ അത് നടക്കുമോ? തിരഞ്ഞെടുപ്പ് കാലത്ത് കോടികളാണ് ബിജെപി ഓഫീസിലേക്ക് ഒഴുകിയത്. അതിന് ഞാൻ കാവലിരുന്നിട്ടുണ്ട്. മുൻ ജില്ലാ ട്രഷററാണ് പണം കൈകാര്യം ചെയ്തത്. എല്ലാ കാര്യങ്ങളും പൊലീസിനോട് പറയും”.