സിസിലിയിൽ കാറിന്റെ രഹസ്യഅറയിൽനിന്നും 5 ലക്ഷം യൂറോ വിലയുള്ള കൊക്കെയിൻ പിടിച്ചെടുത്തു
അഞ്ചുലക്ഷം യൂറോ വിലയുള്ള കൊക്കെയിനുമായി ഒരു പുരുഷനും സ്ത്രീയും പിടിക്കപ്പെട്ടു. സിസിലിയിലെ ഫാസ്റ്റ് ഫെറിയില്‍ നിന്ന് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് അവരുടെ മെഴ്സിഡസ് കാറിന്റെ രഹസ്യ അറയില്‍
അടുക്കി വെച്ച കൊക്കെയ്ന്‍ പിടിച്ചത്. മാള്‍ട്ടയിലേക്ക് മയക്കുമരുന്ന് കടത്താന്‍ സാധ്യതയുള്ള ഇറ്റാലിയന്‍ നമ്പര്‍ പ്ലേറ്റുകളുള്ള ഒരു വാഹനത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെത്തുടര്‍ന്ന് മയക്കുമരുന്ന് സ്ക്വാഡ് നടത്തിയ ഓപ്പറേഷനിലാണ് ഈ കൊക്കെയ്ന്‍ വേട്ട. റഗുസയില് നിന്നുള്ള എറിക്കോ മുകാജ് (18), ജിയോവന്ന സ്ക്രിബാനോ (46) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.
ചൊവ്വാഴ്ച വൈകിട്ടാണ് സ്ക്രിബാനോ ഓടിച്ചിരുന്ന മെഴ്സിഡസ് കാറ്റമരനില്‍ നിന്ന് ഇറങ്ങുന്നത് പൊലീസ് കണ്ടത്. പിസ്സ നിര്‍മ്മാതാവായ മുക്കാജി അതിവേഗ ഫെറിയില്‍ നിന്ന് കാല്‍നടയായി ഇറങ്ങി പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.അയാളെ പരിശോധിച്ചപ്പോള്‍ മെഴ്സിഡസ് വാഹനവുമായി പൊരുത്തപ്പെടുന്ന താക്കോല്‍ ലഭിച്ചെങ്കിലും തന്റെ കാര്‍ സിസിലിയില്‍
ഉപേക്ഷിച്ചുവെന്ന് പറഞ്ഞു പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ യുവാവ് ശ്രമിച്ചു. എന്നാല്‍, പോലീസ് കാറിന്റെ താക്കോല്‍ അമര്‍ത്തിയതോടെ യുവതി ഓടിച്ച മെഴ്സിഡസ് കാറിന്റെ ലൈറ്റുകള്‍ തെളിഞ്ഞു. പൊലീസ് കാറിനടുത്ത് എത്തിയപ്പോള്‍ മറ്റാര്‍ക്കും കാറില്‍ പ്രവേശനമില്ലെന്നും മുകജിനെ അറിയില്ലെന്നും യുവതി പറഞ്ഞു.
കസ്റ്റംസ് സ്നിഫര്‍ നായ്ക്കള്‍ വാഹനത്തിന്റെ മുന്‍ സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ പൊലീസ് കൂടുതല്‍ പരിശോധന നടത്തി. ഒറ്റനോട്ടത്തില്‍ സംശയാസ്പദമായി ഒന്നുമില്ലെന്ന് തോന്നിയെങ്കിലും സ്കാന്‍ ചെയ്തപ്പോള്‍ വാഹനത്തില്‍ രഹസ്യ അറകള്‍ കണ്ടെത്തി, പിന്നീട് യുവതിയുടെ സാന്നിധ്യത്തില്‍ തുറന്നപ്പോഴാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. 500,000 യൂറോയാണ് മരുന്നിന്റെ വിലയെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പോലീസ് പറഞ്ഞു.1000 യൂറോയോളം പണവും ഉണ്ടായിരുന്നു.
സ്ക്രിബാനോയുടെ മൊബൈല്‍ ഫോണില്‍ വാഹനം എവിടെ പാര്‍ക്ക് ചെയ്യണം,
പണം എങ്ങനെ വിനിയോഗിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ നിരവധി സന്ദേശങ്ങള്‍ ഉണ്ടായിരുന്നു.കൊക്കെയ്ന്‍ കടത്തല്‍ ഗൂഢാലോചനയില്‍ പങ്കാളിത്തം നിഷേധിച്ച ഇരുവരേയും വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇരുവര്‍ക്കും മാള്‍ട്ടയില്‍ സ്ഥിരമായ വിലാസം ഇല്ലാത്തതിനാല്‍ അവരുടെ പ്രതിഭാഗം അഭിഭാഷകര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചില്ല. ഇരുവരെയും റിമാന്‍ഡ് ചെയ്തു.