ദേശീയം

മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യത്തില്‍ സീറ്റുധാരണയായി

മുംബൈ : നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യത്തില്‍ സീറ്റുധാരണയായി. ധാരണ പ്രകാരം കോണ്‍ഗ്രസും ശിവസേനയും (ഉദ്ധവ് താക്കറെ വിഭാഗം) എന്‍സിപി (ശരദ് പവാര്‍) എന്നീ പാര്‍ട്ടികള്‍ 85 വീതം സീറ്റുകളില്‍ മത്സരിക്കും. ശേഷിക്കുന്ന സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടി, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് നേതാക്കള്‍ അറിയിച്ചു.

സഖ്യത്തിൽ പെസന്റ്സ് വർക്കേഴ്‌സ് പാർട്ടി, സിപിഎം., സിപിഐ., സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി എന്നിവയെക്കൂടി ഉൾപ്പെടുത്താനാണ് ധാരണ. നവംബർ 20-ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള 288 സീറ്റുകളിൽ 270 എണ്ണത്തിലും സമവായത്തിലെത്തിയതായി ശിവസേന (ഉദ്ധവ് താക്കറെ) എം.പി. സഞ്ജയ് റാവത്ത് പറഞ്ഞു. മറ്റുകക്ഷി നേതാക്കളുമായി വെള്ളിയാഴ്ച ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

സൗഹാർദപരമായിട്ടാണ് സീറ്റുധാരണ സംബന്ധിച്ച തീരുമാനത്തിലെത്തിയത്. ഇന്ത്യ സഖ്യത്തിലെ പാർട്ടികൾക്ക് മതിയായ പ്രാതിനിധ്യമുണ്ടാകുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളെ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ ഇന്ത്യ സഖ്യപാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കുമെന്നും പട്ടോളെ പറഞ്ഞു. സീറ്റുചർച്ചകൾ വഴിമുട്ടിയതോടെ ശരദ് പവാർ നേരിട്ട് ഇടപെട്ടാണ് സമവായ സാധ്യത തുറന്നത്.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ശിവസേന

സീറ്റു ധാരണയായതിന് പിന്നാലെ ശിവസേന ഉദ്ധവ് താക്കറെ വിഭാ​ഗം 65 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുൻമന്ത്രി ആദിത്യ താക്കറെ വർളി മണ്ഡലത്തിൽ മത്സരിക്കും. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മത്സരിക്കുന്ന താനെയിലെ കോപ്രി-പഞ്ച്പഖാഡി സീറ്റിൽ ശിവസേന (ഉദ്ധവ് താക്കറെ ) കേദാർ ദിഗെയെ സ്ഥാനാർത്ഥിയാക്കി. ഷിൻഡെയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി കണക്കാക്കപ്പെടുന്ന അന്തരിച്ച സേനാ നേതാവ് ആനന്ദ് ദിഗെയുടെ അനന്തരവനാണ് കേദാർ ദിഗെ. യുവസേന നേതാവും താക്കറെയുടെ ബന്ധുവുമായ വരുൺ സർദേശായി മുംബൈ ബാന്ദ്ര (ഈസ്റ്റ്) സീറ്റിൽ മത്സരിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button