ദേശീയം

ബോംബ് ഭീഷണിക്കാര്‍ക്ക് യാത്രാവിലക്ക്; സുരക്ഷാനിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി : വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ രാംമോഹന്‍ നായിഡു. ഇതിനായി നിയമത്തിലും ചട്ടത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും രാംമോഹന്‍ നായിഡു മാധ്യമങ്ങളോട് പറഞ്ഞു.

വ്യോമയാന സുരക്ഷാ ചട്ടത്തിലും 1982ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വ്യോമയാന സുരക്ഷാ നിയമത്തിലും ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വ്യാജ ബോംബ് ഭീഷണികള്‍ക്ക് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ കഴിയുന്നവിധമാണ് ഭേദഗതി കൊണ്ടുവരിക. ഇത്തരത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നതെന്നും രാംമോഹന്‍ നായിഡു പറഞ്ഞു.

വ്യാജ ബോംബ് ഭീഷണികള്‍ സര്‍ക്കാര്‍ നിരീക്ഷിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട കേസുകളെ ഗൗരവമായി കണ്ടാണ് അന്വേഷണ ഏജന്‍സികള്‍ മുന്നോട്ടു പോകുന്നത്. ‘ഇത്തരം സംഭവങ്ങള്‍ ആശങ്ക ഉളവാക്കുന്നതാണ്. വിമാനങ്ങളുടെ ആഭ്യന്തര, അന്തര്‍ദ്ദേശീയ സര്‍വീസുകളെയാണ് ഇത് ബാധിക്കുന്നത്. തന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 14ന് ഡിജിസിഎ, ബിസിഎഎസ്, സിഐഎസ്എഫ്, എംഎച്ച്എ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഉന്നതതല സമിതി യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. ഞാന്‍ സംഭവവികാസങ്ങള്‍ പതിവായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിയമ, നിര്‍വ്വഹണ ഏജന്‍സികള്‍ എല്ലാ കേസുകളെയും ഗൗരവത്തോടെയാണ് കാണുന്നത്’- വ്യോമയാന മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button