ഇസ്താംബൂളിൽ തുർക്കി-ഹമാസ് ചർച്ച; പങ്കെടുത്ത് പ്രമുഖ നേതാക്കൾ
അങ്കാറ : യഹ്‌യ സിൻവാറിന്റെ മരണത്തിനു പിന്നാലെ ഹമാസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തുർക്കി വിദേശകാര്യ മന്ത്രി. ഇസ്താംബൂളിലായിരുന്നു ഹമാസ് നേതാക്കളെ തുർക്കി മന്ത്രി ഹകാൻ ഫിദാൻ കണ്ടത്. ഹമാസ് ഷൂറാ കൗൺസിൽ തലവൻ മുഹമ്മദ് ദർവീഷും രാഷ്ട്രീയവിഭാഗത്തിലെ പ്രമുഖ നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു നേതാക്കൾ നേരിൽ കണ്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, സിൻവാറിന്റെ മരണത്തിനു പിന്നാലെയുള്ള കൂടിക്കാഴ്ചയ്ക്കു കൂടുതൽ രാഷ്ട്രീയ പ്രാധാന്യമുണ്ട്. യോഗത്തിൽ ഹമാസ് നേതാവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചതായി ഫിദാൻ തന്നെ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
ഇസ്രായേൽ ബന്ദികളുടെയും ഫലസ്തീൻ തടവുകാരുടെയും കൈമാറ്റത്തിലൂടെ വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കുന്നതിന്റെ സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായി ഹകാൻ ഫിദാൻ അറിയിച്ചു. ഗസ്സയിലെ മാനുഷിക ദുരിതത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ വികാരമുണർത്താനായി തുർക്കി സാധ്യമായ എല്ലാ നയതന്ത്രവഴികളും ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ഫലസ്തീൻ സംഘടനകൾക്കിടയിലെ അനുരഞ്ജനശ്രമങ്ങളും ചർച്ചയായതായി ‘അൽമോണിറ്റർ’ റിപ്പോർട്ട് ചെയ്യുന്നു.
ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹമാസ് രാഷ്ട്രീയ വിഭാഗത്തിലെ പ്രമുഖ നേതാക്കളായ ഖലീൽ അൽഹയ്യ, മൂസ അബൂ മർസൂക്, സാഹിർ ജബാറീൻ തുടങ്ങിയവരും തുർക്കി വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. അഥിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തുർക്കിയിലെത്തിയിട്ടുണ്ട്. ഇന്ന് അങ്കാറയിൽ ഹകാൻ ഫിദാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം.