അന്തർദേശീയം

‘മോസ്റ്റ് വാണ്ടഡ്’; പന്നൂന്‍ വധശ്രമക്കേസില്‍ മുന്‍ റോ ഉദ്യോഗസ്ഥനെതിരെ എഫ്ബിഐയുടെ അറസ്റ്റ് വാറണ്ട്

വാഷിങ്ടണ്‍ : ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനെ അമേരിക്കയില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇന്ത്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെതിരെ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ അറസ്റ്റ് വാറണ്ട്. റോ മുന്‍ ഉദ്യോഗസ്ഥന്‍ വികാസ് യാദവിനെതിരെയാണ് മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ എന്ന് ചൂണ്ടിക്കാട്ടി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) നോട്ടീസ് പുറത്തു വിട്ടു. ഇന്ത്യയുടെ നമ്പര്‍ വണ്‍ ഹിറ്റ് ലിസ്റ്റിലുള്ള ഖലിസ്ഥാനി നേതാവാണ് ഗുര്‍പത്വന്ത് സിങ് പന്നൂന്‍.

അമേരിക്കന്‍ നീതിന്യായ മന്ത്രാലയത്തിന്റെ പുതിയ നടപടി ഇന്ത്യ- യു എസ് ബന്ധങ്ങളില്‍ ഉലച്ചിലുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിലാണ് വികാസ് യാദവിനെതിരെ കുറ്റം ചുമത്തിയതെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. പന്നൂനെ ന്യൂയോര്‍ക്കില്‍ വെച്ച് വധിക്കാന്‍ ഇന്ത്യന്‍ ഏജന്റുമാര്‍ ശ്രമിച്ചുവെന്നാണ് അമേരിക്കന്‍ ഏജന്‍സികളുടെ കണ്ടെത്തല്‍. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ഇന്ത്യ, ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും വാദിക്കുന്നു.

കൊലപാതക ശ്രമത്തിന്റെ മുഖ്യ ആസൂത്രകന്‍ ഹരിയാന സ്വദേശിയായ, വികാസ് യാദവ് എന്ന മുന്‍ റോ ഏജന്റാണെന്നാണ് എഫ്ബിഐ കുറ്റപത്രത്തില്‍ പറയുന്നത്. വികാസ് യാദവ്, ഗുര്‍പത്വന്ത് സിങ് പന്നൂനെ വധിക്കാനായി നിഖില്‍ ഗുപ്ത എന്നയാള്‍ക്ക് ക്വട്ടേഷന്‍ നല്‍കുന്നു. നിഖില്‍ ഗുപ്ത അമേരിക്കയില്‍ പന്നൂനെ വധിക്കാനായി വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തുന്നു. ഒരു ലക്ഷം ഡോളറിന്റേതായിരുന്നു ക്വട്ടേഷന്‍. എന്നാല്‍ വധശ്രമത്തെക്കുറിച്ച് വിവരം ലഭിച്ച അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ പന്നൂനെ സുരക്ഷിതനാക്കുകയായിരുന്നു.

തുടര്‍ന്ന് നിഖില്‍ ഗുപ്തയെയും വാടകക്കൊലയാളികളെയും അറസ്റ്റ് ചെയ്തതായി അമേരിക്ക പറയുന്നു. നിഖില്‍ ഗുപ്തയെ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും അറസ്റ്റ് ചെയ്ത് കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം അമേരിക്കയ്ക്ക് കൈമാറുകയായിരുന്നു. അതേസമയം, വികാസ് യാദവ് നിലവില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്‍പ്പെട്ടയാള്‍ ഇന്ത്യയുടെ ഒരു സര്‍വീസിലും ഉള്ളയാളല്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഹര്‍ദീപ് സിങ് നിജ്ജാര്‍ എന്ന ഖലിസ്ഥാനെ ഇന്ത്യന്‍ ഏജന്റുകള്‍ വധിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യ- കാനഡ ബന്ധം ഉലച്ചില്‍ നേരിടുന്നതിനിടെയാണ് എഫ്ബിഐയുടെ നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button