ദേശീയം

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് : മഹാവികാസ് അഗാഡി സഖ്യത്തില്‍ ധാരണയായതായി

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ സംബന്ധിച്ച് മഹാവികാസ് അഗാഡി സഖ്യത്തില്‍ ധാരണയായതായി റിപ്പോര്‍ട്ട്. ആകെയുള്ള 288ല്‍ 260സീറ്റുകളില്‍ ധാരണയായി. കോണ്‍ഗ്രസ് 110 മുതല്‍ 115 വരെ സീറ്റുകളിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 83 മുതല്‍ 86 വരെ സീറ്റുകളിലും എന്‍സിപി ശരദ് പവാര്‍ വിഭാഗം 72- മുതല്‍ 75 വരെസീറ്റുകളിലും മത്സരിക്കും. മറ്റ് സീറ്റുകളില്‍ ഉടന്‍ തീരുമാനത്തിലെത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളെ ഒഴിവാക്കിയ കോണ്‍ഗ്രസിനെതിരെ ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ അത്തരമൊരു സാഹചര്യം ഗുണം ചെയ്യില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സീറ്റ് സംബന്ധിച്ച ചര്‍ച്ചകളുടെ ഭാഗമായി എസ്പി നേതാവ് അഖിലേഷ് യാദവ് ഇന്ന് ചര്‍ച്ചയ്ക്കായി മുംബൈയില്‍ എത്തും

അവശേഷിക്കുന്ന സീറ്റുകളില്‍ വിജയസാധ്യതകള്‍ പരിഗണിക്കുന്നതിനൊപ്പം സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ക്ക് നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. സമാജ് വാദി, ഇടതുപാര്‍ട്ടികള്‍, പെസന്റസ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്കുമായിരിക്കും മറ്റ് സീറ്റുകള്‍ നല്‍കുക.

യോഗത്തില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ, ബാലാസാഹേബ് തോറാട്ട്, പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാര്‍, എന്‍സിപി (എസ്പി) സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍, മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്, മുന്‍ മന്ത്രി ജിതേന്ദ്ര അഹ്വാദ്, ശിവസേനയുടെ (യുബിടി) സഞ്ജയ് റാവത്ത് എന്നിവര്‍ പങ്കെടുത്തു.

മുംബൈയിലും കൊങ്കണ്‍ ബെല്‍റ്റിലും കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് ഉദ്ധവ് വിഭാഗം ആവശ്യപ്പെട്ടു. വിദര്‍ഭയില്‍ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ കൂടുതല്‍ സീറ്റുകളില്‍ എന്‍സിപിയും മത്സരിക്കും. കോണ്‍ഗ്രസ് 60 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button