സ്പോർട്സ്

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വൻ ബാറ്റിങ് തകർച്ച

ബെംഗളൂരു : ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വൻ ബാറ്റിങ് തകർച്ച. രണ്ടാംദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 34-6 എന്ന നിലയിലാണ്. കിവീസ് പേസ് നിരക്ക് മുന്നിൽ ഇന്ത്യൻ മുൻനിരക്ക് പിടിച്ചുനിൽക്കാനായില്ല. വിരാട് കോഹ്‌ലി, സർഫറാസ് ഖാൻ, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവർ പൂജ്യത്തിന് പുറത്തായി. 15 റൺസുമായി ഋഷഭ് പന്ത് ക്രീസിലുണ്ട്. മഴമൂലം ആദ്യദിനം ഒരുപന്തുപോലും എറിഞ്ഞിരുന്നില്ല.

ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് സ്‌കോർബോർഡിൽ ഒൻപത് റൺസ് ചേർക്കുന്നതിനിടെ രോഹിത് ശർമയെ(2)യാണ് ആദ്യം നഷ്ടമായത്. ടീം സൗത്തിയുടെ പന്തിൽ ഇന്ത്യൻ നായകൻ ക്ലീൻബൗൾഡാകുകയായിരുന്നു. തൊട്ടുപിന്നാലെ വിരാട് കോഹ്‌ലിയെ മടക്കി വിൽ ഒറൂകെയും സർഫറാസ് ഖാനെ പുറത്താക്കി മാറ്റ് ഹെൻട്രിയും ഇരട്ട ഷോട്ട് നൽകി. ഇതോടെ ഇന്ത്യ 10-3 എന്ന നിലയിലായി. നാലാം വിക്കറ്റിൽ യശസ്വി ജെയ്‌സ്വാളും-ഋഷഭ് പന്തും ചേർന്ന് കരുതലോടെ മുന്നേറി.

എന്നാൽ 13 റൺസിൽ നിൽക്കെ ജയ്‌സ്വാളിനെ വീഴ്ത്തി ഒറൂകെ വീണ്ടും പ്രഹരമേൽപ്പിച്ചു. തൊട്ടടുത്ത ഓവറിൽ കെ.എൽ രാഹിലിനെയും(0) പുറത്താക്കി. ലഞ്ചിന് പിരിയുന്നതിന് തൊട്ടുമുൻപായി രവീന്ദ്ര ജഡേജയെ(0) അജാസ് പട്ടേലിന്റെ കൈകളിലെത്തിച്ച് 34-6 എന്ന നാണക്കേടിലേക്ക് ആതിഥേയരെ തള്ളിയിട്ടു. 1969ന് ശേഷമാണ് 34 റൺസിനിടെ ഇന്ത്യക്ക് ആറുവിക്കറ്റുകൾ നഷ്ടമാകുന്നത്. സ്വന്തം നാട്ടിൽ നടക്കുന്ന ടെസ്റ്റിൽ ടോപ്ഓർഡർ ബാറ്റ്‌സ്മാൻമാരിൽ നാല് പേർ പൂജ്യത്തിന് പുറത്താകുന്നത് ആദ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button