ദേശീയം

സവർക്കറെ അപകീർത്തിപ്പെടുത്തിയ കേസ് : രാഹുൽ ​ഗാന്ധിക്ക് നേരിട്ട് ഹാജരാകാൻ സമൻസ്

ന്യൂഡൽ​​ഹി : സവർക്കറെ അപകീർത്തിപ്പെടുത്തിയ കേസിൽ ലോക്സഭാ പ്രതിപക്ഷ നേതവ് രാുഹുൽ ​ഗാന്ധിക്ക് സമൻസ്. ഈ മാസം 23ന് ഹാജരാകാൻ ആവശ്യപ്പെട്ട് പൂനെയിലെ പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്. രാഹുൽ നേരിട്ട് ഹാജരാകണമെന്നാണ് കോടതി നിർദേശം. വിദേശ പര്യടനത്തിനിടെ രാഹുൽ ലണ്ടനിൽ വെച്ച് നടത്തിയ പരാമർശത്തിനെതിരെ സവർക്കറിന്റെ കൊച്ചുമകൻ സത്യകി സവർക്കറാണ് കോടതിയെ സമീപിച്ചത്.

സവർക്കറുടെ പേരിന് കളങ്കം വരുത്തുന്നതും കുടുംബത്തെ അപകീർത്തിപ്പെടുത്തുന്നതുമായ പരാമർശങ്ങൾ രാഹുലിന്റെ ഭാ​ഗത്തു നിന്നുണ്ടായെന്നും അത് മനപ്പൂർവം ഉന്നയിക്കുകയായിരുന്നു എന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ഏപ്രിലിലാണ് സത്യകി പൂനെ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. രാഹുലിനെ നിയമപ്രകാരം വിചാരണ ചെയ്യണമെന്നും പരമാവധി ശിക്ഷ നൽകണമെന്നുമായിരുന്നു സത്യകി ​ഹരജിയിൽ ആവശ്യപ്പെട്ടത്.

2023 മാർച്ച് അഞ്ചിനാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്. സവർക്കറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഒരു മുസ്‌ലിമിനെ മർദ്ദിച്ചതായും അതിൽ അവർക്ക് സന്തോഷം തോന്നിയെന്നും സവർക്കർ തന്നെ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് രാഹുൽ ലണ്ടനിലെ പ്രസംഗത്തിനിടെ പറഞ്ഞതായി സത്യകി തന്റെ പരാതിയിൽ പറയുന്നു. ഈ ആരോപണം അസത്യവും, തെറ്റായതും വിദ്വേഷം പടർത്തുന്നതുമാണെന്നും സത്യകി ആരോപിച്ചു. യുകെയിലെ ഓവർസീസ് കോൺഗ്രസിൻ്റെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ സവർക്കറിനെതിരായ പരാമർശം നടത്തിയത്.

പരാതിയിൽ പ്രഥമദൃഷ്ട്യാ സത്യമുണ്ടെന്ന് ലോക്കൽ പൊലിസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുകയുമായിരുന്നു. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ നിന്ന് കേസ് ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിലേക്ക് കഴിഞ്ഞ മാസമാണ് മാറ്റിയത്. ജോയിന്റ് സിവിൽ ജഡ്ജിയും ജുഡീഷ്യൽ മജിസ്‌ട്രേറ്റുമായ അമോൽ ഷിൻഡെ അധ്യക്ഷനായ പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്.

സവർക്കറിനെതിരായ മറ്റൊരു പരാമർശത്തിന് നാസിക് കോടതിയും രാഹുലിന് സമൻസ് അയച്ചിരുന്നു. 2022 നവംബറിൽ ഹിംഗോളിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലും പ്രസംഗത്തിലും രാഹുൽ സവർക്കരിനെ കളങ്കപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയെന്ന് കാണിച്ച് ഒരു എൻജിഒയുടെ ഡയറക്ടർ നൽകിയ പരാതിയിലായിരുന്നു ഇത്. രാഹുൽ ബോധപൂർവം നടത്തിയ പരാമർശം സവർക്കറുടെ പ്രശസ്തിയെയും പ്രതിച്ഛായയെയും അപകീർത്തിപ്പെടുത്തിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button