നേപ്പാൾ – ചൈന അതിർത്തിയിലെ വെള്ളപ്പൊക്കത്തിൽ 9 മരണം; 20 പേരെ കാണാതായി

കാഠ്മണ്ഡു : നേപ്പാളിൽ മൺസൂൺ മഴ വ്യാപകമായതോടെ പലയിടത്തും മഴക്കെടുതികൾ രൂക്ഷമായി. നേപ്പാളിലെ റസുവ ജില്ലയിലെ നദി കരകവിഞ്ഞു. രാജ്യത്തെ ചൈനയുമായി ബന്ധിപ്പിക്കുന്ന “ഫ്രണ്ട്ഷിപ്പ് പാലം” ഒലിച്ചുപോയി. ഒമ്പത് മരണം റിപ്പോർട്ട് ചെയ്തതായി വാർത്താ ഏജൻസിയായ പിടിഐ അറിയിച്ചു. 20 പേരെ കാണാതായതായാണ് വിവരം.
തിങ്കളാഴ്ച രാത്രി ചൈനയിൽ തുടർച്ചയായി പെയ്ത മൺസൂൺ മഴയെ തുടർന്ന് നേപ്പാളിലെ ബൊട്ടെകോഷി നദിയിലാണ് വെള്ളപ്പൊക്കമുണ്ടായത്. ഒഴുക്കിൽപ്പെട്ട് ഒൻപത് പേരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ധാഡിംഗ്, ചിത്വാൻ ജില്ലകളിൽ നിന്ന് മൈലുകൾ അകലെ നിന്നും കണ്ടെടുത്തതായി റിപ്പബ്ലിക്ക പത്രം റിപ്പോർട്ട് ചെയ്തു.
കാഠ്മണ്ഡുവിൽ നിന്ന് 120 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് റസുവ. ശക്തമായ മഴയിൽ ചൊവ്വാഴ്ച പുലർച്ചെ 3:15 ഓടെ ജില്ലയിലെ മിതേരി പാലം ഒലിച്ചുപോയി. കാണാതായതായി റിപ്പോർട്ട് ചെയ്ത 20 പേരിൽ മൂന്ന് പേർ സുരക്ഷാ ഉദ്യോഗസ്ഥരും ആറ് പേർ ചൈനീസ് പൗരന്മാരുമാണ്. രക്ഷാപ്രവർത്തകർ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
കനത്ത മഴ തുടർന്നതോടെ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. റസുവ ജില്ലയിലെ നാല് ജലവൈദ്യുത പദ്ധതികൾക്ക് കേടുപാടുകളുണ്ടായി. ദേശീയ പവർ ഗ്രിഡിലേക്കുള്ള 211 മെഗാവാട്ട് വൈദ്യുതി വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ 23 കാർഗോ കണ്ടെയ്‌നറുകൾ, ആറ് ചരക്ക് ട്രക്കുകൾ, 35 ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഒഴുകിപ്പോയതായാണ് റിപ്പോർട്ട്.