ഒറ്റ ചാര്‍ജില്‍ 835 കിലോമീറ്റര്‍; ടെസ്ലയെ വീഴ്ത്താന്‍ ഷവോമിയുടെ ‘വൈയു 7’ വരുന്നു

ബെയ്ജിങ്ങ് : ഇലക്ട്രിക് വാഹന വിപണിയില്‍ ടെസ്‌ലയുടെ ആധിപത്യത്തിന് വീണ്ടും വെല്ലുവിളി ഉയര്‍ത്തുകയാണ് ചൈനീസ് കമ്പനി ഷവോമി. കമ്പനി അടുത്തിടെ പുറത്തിറക്കിയ പുതിയ ഇലക്ട്രിക് എസ്‍യുവി ‘വൈയു 7’ വിപണിയില്‍ തരംഗം സൃഷ്ടിക്കുകയാണ്. ജൂണ്‍ 26ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ നടന്ന ഗംഭീരമായ ചടങ്ങിലാണ് ഷവോമി ‘വൈയു 7’ കാര്‍ അവതരിപ്പിക്കുന്നത്. ആദ്യ മണിക്കൂറില്‍ തന്നെ രണ്ടു ലക്ഷത്തിലേറെ ഓര്‍ഡറുകളും ലഭിച്ചതായാണു പുറത്തുവരുന്ന വിവരങ്ങള്‍.
ആദ്യ മൂന്ന് മിനിറ്റിനുള്ളില്‍ രണ്ടു ലക്ഷത്തിലധികം ഓര്‍ഡറുകള്‍. ആദ്യ മണിക്കൂറില്‍ ഏകദേശം മൂന്ന് ലക്ഷം ഓര്‍ഡറുകളും. ‘വൈയു 7’ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് അങ്ങനെയാണ്. ടെസ്ലയുടെ ജനപ്രിയ മോഡലായ ‘വൈ’ കാറിനെ വെല്ലുവിളിക്കുന്ന ഷവോമി കാര്‍, വിലയിലും ഫീച്ചറുകളിലും ബഹുദൂരം മുന്നിട്ടുനില്‍ക്കുന്നുണ്ട്.
വിലക്കുറവിലും ടെസ്ലയെ മറികടക്കുന്ന ‘വൈയു 7’ന്റെ ആരംഭ വില 253,500 യുവാന്‍ ആണ്. ഏകദേശം 35,360 ഡോളര്‍. നമ്മുടെ നാട്ടില്‍ 30 ലക്ഷത്തിനടുത്ത് വരും. ടെസ്ലയുടെ ‘വൈ’ മോഡലിന്റെ വില 263,500 യുവാന്‍, ഏകദേശം 36,760 ഡോളര്‍ ആണ്. ഈ വിലയെക്കാള്‍ ഏകദേശം നാലു ശതമാനത്തിന്റെ കുറവാണ് ‘വൈയു 7’നുള്ളത്. അതേസമയംം, ‘വൈയു 7’ന്റെ പ്രോ, മാക്സ് വേരിയന്റുകള്‍ക്ക് യഥാക്രമം 279,900 യുവാന്‍, 329,900 യുവാന്‍ എന്നിങ്ങനെയും വിലവരും. വിലയിലുള്ള ഷവോമിയുടെ തന്ത്രപരമായ നീക്കം, ടെസ്ലയുടെ മാര്‍ക്കറ്റില്‍ വലിയ ഇടിവുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് ഓട്ടോമൊബൈല്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്.
‘വൈയു 7’ന്റെ ഏറ്റവും വലിയ ആകര്‍ഷണം ഒറ്റ ചാര്‍ജില്‍ 835 കിലോമീറ്റര്‍ വരെയുള്ള ഡ്രൈവിങ് റേഞ്ച് ആണ്. ടെസ്ലയുടെ ‘വൈ’ മോഡലില്‍ ഇത് 719 കിലോമീറ്റര്‍ ആണ്. ‘വൈയു 7’ മാക്സ് വേരിയന്റില്‍ വെറും 3.23 സെക്കന്‍ഡ് കൊണ്ട്, സീറോയില്‍നിന്ന് 100 കിലോമീറ്ററിലേക്ക് വേഗം ആക്‌സിലറേറ്റ് ചെയ്യാനാകും. കൂടാതെ മണിക്കൂറില്‍ 253 കിലോമീറ്റര്‍ പരമാവധി വേഗതയും വാഗ്ദാനം ചെയ്യുന്നുണ്ട്. 800വി ആര്‍ക്കിടെക്ചര്‍ ഉപയോഗിക്കുന്ന ‘വൈയു 7’നില്‍ അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിങ് ആണ് കമ്പനിയുടെ വാഗ്ദാനം. 12 മിനിറ്റ് കൊണ്ട് 80 ശതമാനം വരെ ചാര്‍ജിങ് കപ്പാസിറ്റിയുണ്ട് കാറിന്. ഇതിനായി 5.2 സി അതിവേഗ ചാര്‍ജിങ് സാങ്കേതികവിദ്യയാണ് ‘വൈയു 7’യില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഒരേസമയം അത്യാഡംബര യാത്രയുടെ അനുഭവവും കിടിലന്‍ സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് ‘വൈയു 7’ന്റെ ഇന്റീരിയര്‍. 1.1 മീറ്റര്‍ വീതിയുള്ള ‘ഹൈപ്പര്‍വിഷന്‍’ പനോരമിക് ഡിസ്പ്ലേ, മൂന്ന് മിനി എല്‍ഇഡി സ്‌ക്രീനുകള്‍, സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്പ് എന്നിവ ആ കിടിലന്‍ ഫീച്ചറുകളില്‍ ചിലതു മാത്രം. ലെതര്‍ സീറോ ഗ്രാവിറ്റി ഫ്രണ്ട് സീറ്റുകള്‍, 123 ഡിഗ്രി റിക്ലൈനര്‍, 135 ഡിഗ്രി റിക്ലൈനിങ് റിയര്‍ സീറ്റുകള്‍, 4.6 ലിറ്റര്‍ ബില്‍റ്റ്-ഇന്‍ ഫ്രിഡ്ജ് എന്നിവ ‘വൈയു 7’നെ ആഡംബര ശ്രേണിയിലേക്ക് ഉയര്‍ത്തുന്നു.
ലിഡാര്‍, എന്‍വിഡിയയുടെ തോര്‍ ചിപ്പ്, ഷവോമിയുടെ 10 ദശലക്ഷം ക്ലിപ്പുകളുള്ള എന്‍ഡ്-ടു-എന്‍ഡ് അസിസ്റ്റഡ് ഡ്രൈവിങ് സിസ്റ്റം എന്നിവയും മറ്റു ഫീച്ചറുകളാണ്. ആപ്പിള്‍ ഇക്കോസിസ്റ്റവുമായി പൂര്‍ണമായി സംയോജിപ്പിച്ചും, കാര്‍പ്ലേ, ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ വാച്ച് വഴിയുള്ള വാഹന നിയന്ത്രണ സിസ്റ്റവുമെല്ലാം ‘വൈയു 7’നെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
‘വൈയു 7’ന്റെ ലോഞ്ചിന് പിന്നാലെ ഷവോമിയുടെ ഓഹരികള്‍ കുത്തനെ ഉയര്‍ന്നിട്ടുണ്ട്. അഞ്ചു ശതമാനം ഉയര്‍ന്ന് കമ്പനിയുടെ ഓഹരി വില റെക്കോര്‍ഡ് ഉയരത്തിലെത്തി. ടെസ്ലയുടെ വിപണി വിഹിതം 2020ല്‍ 15 ശതമാനം ആയിരുന്നത് 2025ന്റെ ആദ്യ മാസങ്ങളില്‍ 7.6 ശതമാനം ആയി കുറയുകയും ചെയ്തിട്ടുണ്ടെന്നതു ശ്രദ്ധേയമാണ്. ‘വൈയു 7’ന്റെ വരവോടെ ടെസ്ലയ്ക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ കാറുകളുടെ വില കുറയ്‌ക്കേണ്ടി വരുമെന്നാണ് ഓട്ടോ മൊബൈല്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ‘വൈയു 7’നുള്ള ഉയര്‍ന്ന ഡിമാന്‍ഡ് ഷവോമിക്കു വലിയ വെല്ലുവിൡയാകും. കാറുകള്‍ വിപണിയിലെത്താന്‍ ഒരു വര്‍ഷത്തോളമെടുക്കുമെന്നാണു സൂചന. അങ്ങനെയാണെങ്കില്‍ 2026 വരെ ‘വൈയു 7’ ഡെലിവറി നീളാന്‍ സാധ്യതയുണ്ട്. 2025ല്‍ 3.5 ലക്ഷം വാഹനങ്ങള്‍ വില്‍ക്കാനാണ് ഷവോമി ലക്ഷ്യമിടുന്നത്. ഉയര്‍ന്ന ഡിമാന്‍ഡ് മീറ്റ് ചെയ്യാനായി ജൂലൈ മുതല്‍ രണ്ടാം ഘട്ട ഫാക്ടറിയില്‍ ഉല്‍പാദനം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചൈനയിലെ ഇലക്ട്രിക് വാഹന വിപണി അതിവേഗം വളരുകയാണ്. ബിവൈഡി, നിയോ, ഷീപെങ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കൊപ്പം ഷവോമിയുടെ ‘വൈയു 7’ന്റെ വരവ് കൂടിയാകുമ്പോള്‍, ഇ.വി വിപണി വാഴുന്ന ടെസ്ലയ്ക്ക് അതു ചില്ലറ വെല്ലുവിളിയാകില്ല ഉയര്‍ത്തുക. ഇലോണ്‍ മസ്‌കിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ മൂലമുണ്ടായ തിരിച്ചടികള്‍ നേരത്തെ തന്നെ കമ്പനിയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ഈ രംഗത്ത് ചൈനീസ് കമ്പനികളുടെ ഇഞ്ചോടിഞ്ചു മത്സരവും മുറുകുന്നത്.