യുകെയിൽ വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് ഭീമമായ പിഴ

ലണ്ടൻ : യുകെയിലെ സ്കെഗ്‌നെസിൽ, കാറ്റിൽ വായിലേക്ക് പറന്നുവീണ ഇല തുപ്പിക്കളഞ്ഞ 86-കാരന് ഭീമമായ പിഴ ചുമത്തി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള റോയ് മാർഷെന്ന വൃദ്ധൻ ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വാദിച്ചെങ്കിലും, 150 പൗണ്ട് പിഴ അടക്കേണ്ടിവന്നു.
സംഭവം ഇങ്ങിനെ, സ്കെഗ്‌നെസിലൂടെ 86 വയസ്സുള്ള റോയ് മാർഷ് എന്ന വൃദ്ധൻ നടന്നു പോകുകയായിരുന്നു. ഈ സമയം കാറ്റിൽ പറന്നുവന്ന ഒരു ഇല അബദ്ധത്തിൽ അദ്ദേഹത്തിൻറെ വായിലായി. സ്വാഭാവികമായും അസ്വസ്ഥത തോന്നിയ ആ വൃദ്ധൻ അപ്പോൾ തന്നെ ഇല തുപ്പിക്കളഞ്ഞു. എന്നാൽ അദ്ദേഹം തുപ്പിയ ഇല വീണത് പൊതു ഇടത്തായിരുന്നു. പിന്നാലെ നഗരാധികൃതർ റോയ് മാർഷിന് പിഴ ഇട്ടു, 250 പൗണ്ട് ! അതായത് 30,229 രൂപ! സ്വന്തമായി നടക്കാൻ ബുദ്ധിമുട്ടുള്ള അദ്ദേഹം സ്ഥിരമായി വോക്കിംഗ് സ്റ്റിക്ക് ഉപയോഗിക്കാറുണ്ട്. മാത്രമല്ല, ഗുരുതരമായ ആസ്ത്മയും ഹൃദയസംബന്ധമായ അസുഖങ്ങളും ഉള്ളയാളാണ് റോയ് മാർഷ്. പൊതുവഴിയിലൂടെ നടക്കുമ്പോൾ കാറ്റിൽ ഇല വായിലേക്ക് വീഴുകയായിരുന്നുവെന്നും, അത് പുറത്തേക്ക് ചുമച്ച് കളയുകയായിരുന്നുവെന്നും അദ്ദേഹം അധികൃതരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, സ്ഥലത്തെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റോയ് മാർഷിനെ സമീപിക്കുകയും, അദ്ദേഹം ബോധപൂർവ്വം നിലത്ത് തുപ്പുകയായിരുന്നെന്ന് വ്യാഖ്യാനിച്ചു. ഒപ്പം പ്രദേശത്തെ പരിസ്ഥിതി ചട്ടങ്ങൾ പ്രകാരം ഇത് കുറ്റകരമാണെന്നും വ്യക്തമാക്കി.
എന്നാൽ, മാർഷ് പിഴക്കെതിരെ അപ്പീൽ നൽകിയതിനെത്തുടർന്ന് 250 പൗണ്ട് 150 പൗണ്ടായി കുറച്ചു നൽകി. ഒടുവിൽ, അദ്ദേഹത്തിന് 150 പൗണ്ട് (18,137 രൂപ) പിഴ തുക അടക്കേണ്ടിവന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് സാമാന്യബുദ്ധിക്ക് നിരക്കാത്ത നടപടിയാണ് ഉണ്ടായതെന്ന് പ്രദേശവാസികൾ ഉൾപ്പെടെ നിരവധി പേരാണ് വിമർശനം ഉന്നയിച്ചത്. അധികൃതർക്കെതിരെ സമാനമായ പരാതികൾ മുൻപും ലഭിച്ചിട്ടുണ്ടെന്ന് കൗൺസിലറും വ്യക്തമാക്കി. എന്നാൽ, സ്കെഗ്‌നെസിൽ നിയമപാലക സംഘങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഈസ്റ്റ് ലിൻഡ്‌സി ജില്ലാ കൗൺസിൽ ഈ സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തി. പരിസ്ഥിതിയെ മലിനമാക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടാൽ ഉദ്യോഗസ്ഥർ കർശന നടപടിയെടുക്കുമെന്നും പ്രവർത്തനങ്ങളുടെ നിഷ്പക്ഷത ഉറപ്പാക്കാൻ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൗൺസിൽ അറിയിച്ചു.



