മാൾട്ടാ വാർത്തകൾ
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് മാൾട്ടീസ് ജനത ആശങ്കാകുലർ
മാൾട്ടയിലെയും യൂറോപ്യൻ യൂണിയനിലെയും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് മാൾട്ടീസ് ജനത ആശങ്കാകുലർ. ഉയർന്ന ചൂടും മറ്റ് കാലാവസ്ഥാ മാറ്റങ്ങളും ഒഴിവാക്കാൻ തണുത്ത പ്രദേശത്തേക്കോ മറ്റൊരു രാജ്യത്തേക്കോ മാറേണ്ടിവരുമെന്നാണ് യൂറോപ്യൻ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിൻ്റെ (EIB) സർവ്വേയിൽ പങ്കെടുത്ത 75% മാൾട്ടക്കാരും പ്രതികരിച്ചത്. ഈ കണക്ക് യൂറോപ്യൻ യൂണിയൻ ശരാശരിയായ 35 ശതമാനത്തേക്കാൾ 49 പോയിൻ്റ് കൂടുതലാണ്.
സമീപ വർഷങ്ങളിൽ മാൾട്ട അനുഭവിച്ചുകൊണ്ടിരിക്കുന്ന തീവ്രമായ കാലാവസ്ഥാ സംഭവങ്ങളോടുള്ള നേരിട്ടുള്ള പ്രതികരണമാണ് സർവേ ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നത്. പ്രതികരിച്ച മാൾട്ടക്കാരിൽ 99% പേരും ( യൂറോപ്യൻ യൂണിയൻ ശരാശരിയായ 68% എന്നതിനേക്കാൾ 31 പോയിൻ്റ് മുകളിൽ) – ഒരു തീവ്ര കാലാവസ്ഥാ സംഭവത്തിൻ്റെ നേരിട്ടുള്ള ഒരു പ്രത്യാഘാതമെങ്കിലും അനുഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തലുകൾ കാണിക്കുന്നു. 37% പവർ കട്ട് അല്ലെങ്കിൽ ഊർജ്ജ വിതരണ പ്രശ്നങ്ങൾ, 29% ആരോഗ്യ പ്രശ്നങ്ങൾ (ചൂട്, സ്ട്രോക്ക് അല്ലെങ്കിൽ ശ്വസന പ്രശ്നങ്ങൾ പോലുള്ളവ), 28% ഭക്ഷ്യ വിതരണ പ്രശ്നങ്ങൾ (ചില ഉൽപ്പന്നങ്ങളുടെ ലഭ്യത കുറയുന്നത് പോലെ) എന്നിങ്ങനെയുള്ള കെടുതികൾ നേരിട്ടിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം രാജ്യത്തിന്റെ മുൻഗണനയായി കാണണമെന്നാണ് 77% മാൾട്ടീസും പ്രതികരിച്ചത്. ഇക്കാര്യത്തിലെ EU ശരാശരി 50% മാത്രമാണ്. 97% മാൾട്ടീസും വിശ്വസിക്കുന്നത് കാലാവസ്ഥാ പൊരുത്തപ്പെടുത്തൽ നടപടികളിൽ ഉടനടിയുള്ള നിക്ഷേപം ഭാവിയിൽ ഉയർന്ന ചിലവ് ഒഴിവാക്കാൻ നിർണായകമാകുമെന്നാണ്. കാലാവസ്ഥാ മാറ്റത്തോട് പൊരുത്തപ്പെടുന്ന തരത്തിൽ ഡ്രെയിനേജ് സംവിധാനങ്ങൾ, വെള്ളപ്പൊക്ക തടസ്സങ്ങൾ, കൊടുങ്കാറ്റ് ഷെൽട്ടറുകൾ എന്നിവ മെച്ചപ്പെടുത്തുന്നതിന് മുൻഗണന വേണമെന്നാണ് 42% മാൾട്ടക്കാരും കരുതുന്നത്. കാലാവസ്ഥാ പൊരുത്തപ്പെടുത്തലിൽ മരങ്ങളും ഹരിത ഇടങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് 68% മാൾട്ടീസ് സമ്മതിക്കുന്നു, ഭൂരിഭാഗം ആളുകളും നഗര ഹരിതവൽക്കരണ സംരംഭങ്ങളിൽ നിക്ഷേപം വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ഉണ്ടെന്ന പക്ഷക്കാരാണ്. കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ നടപടികളിൽ നിക്ഷേപിക്കുന്നത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് പ്രതികരിച്ചവരിൽ 97% പേരും വിശ്വസിക്കുന്നു. ഇങ്ങനെ ചിന്തിക്കുന്ന ഇയു നിവാസികൾ 86 ശതമാനം മാത്രമാണ്.