ബ്രസീലില്‍ ലഹരിമാഫിയയ്‌ക്കെതിരായ പോലീസ് നടപടിയില്‍ നാല് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 64 പേര്‍ കൊല്ലപ്പെട്ടു

റിയോ ഡി ജനീറോ : ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ലഹരിമാഫിയയ്‌ക്കെതിരായ പോലീസ് നടപടിയില്‍ നാല് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 64 പേര്‍ കൊല്ലപ്പെട്ടു. ബ്രസീലില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരിമാഫിയ വിരുദ്ധ നടപടിയാണിതെന്ന് അധികൃതര്‍ പറഞ്ഞു.
കോപ്-30 കാലാവസ്ഥാ ഉച്ചകോടി റിയോയില്‍ ആരംഭിക്കാനിരിക്കെയാണ് നടപടി. ദിവസങ്ങള്‍ക്ക് മുമ്പാണ് ലഹരിമാഫിയകള്‍ക്കെതിരായ പോലീസ് നടപടി ആരംഭിച്ചത്. കോംപ്ലക്സോ ഡോ അലെമോ (Complexo do Alemão), പെന്‍ഹ (Penha) കോമാന്‍ഡോ വെര്‍മെല്‍ഹോ (Comando Vermelho) എന്നീ ലഹരിമരുന്ന് കടത്തുസംഘങ്ങളെ ലക്ഷ്യമിട്ടാണ് പോലീസ് നടപടി.
2,500 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. 81 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം നീണ്ട അന്വേഷണത്തെ തുടര്‍ന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി ആരംഭിച്ചത്. മാഫിയ സംഘങ്ങളും പോലീസും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ജനവാസ കേന്ദ്രങ്ങളില്‍ നടന്ന പോലീസ് നടപടിയില്‍ ഏറ്റുമുട്ടല്‍ നടന്ന ഇടങ്ങളില്‍നിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോലീസിന് നേരെ മാഫിയ സംഘങ്ങള്‍ ഗ്രനേഡുകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോലീസിനെ തടയാന്‍ വടക്കന്‍, തെക്കു കിഴക്കന്‍ റിയോയിലെ പ്രധാന റോഡുകള്‍ തടസ്സപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ആളുകളെ സ്ഥലത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ പോലിസ് സംഘം ബസുകള്‍ ഉപയോഗിച്ച് ബാരിക്കേഡ് തീർത്തു. സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്ന് കണക്കുകൂട്ടി 48 സ്‌കൂളുകള്‍ക്ക് അവധിയും നല്‍കിയിട്ടുണ്ട്. കൂടാതെ റിയോ ഡി ജനീറോയിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളോട് വീടിനുള്ളില്‍ തുടരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.



