കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മാൾട്ടയിൽ വീടുകളുടെ വിലയിലുണ്ടായത് 53 ശതമാനം വർധന
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മാള്‍ട്ടയില്‍ വീടുകളുടെ വിലയിലുണ്ടായത് ശരാശരി 53 ശതമാനം വര്‍ധന. യൂറോസ്റ്റാറ്റ് പഠനമനുസരിച്ച് 2015 മുതല്‍ യൂറോപ്പില്‍ ഒരു വീടിന്റെ ശരാശരി വില 48% വര്‍ദ്ധിച്ചപ്പോള്‍ അതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് മാള്‍ട്ടയില്‍ ഉണ്ടായത്. 173% വര്‍ദ്ധനയോടെ ഹംഗറിയിലാണ് ഏറ്റവും ഉയര്‍ന്ന വില വര്‍ദ്ധന രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ വര്‍ദ്ധനവ് ഫിന്‍ലാന്‍ഡാണ്, വെറും 5% മാത്രം.
യൂറോപ്യന്‍ യൂണിയനില്‍ (EU) ഭവന ചെലവുകള്‍ വര്‍ധിക്കുകയാണെന്നാണ് പഠനത്തിന്റെ രത്നച്ചുരുക്കം. നിര്‍മ്മാണച്ചെലവും മോര്‍ട്ട്ഗേജ് നിരക്കും ഉയരുന്നതും, കെട്ടിട പ്രവര്‍ത്തനങ്ങളുടെ കുറവും, വരുമാനം നല്കുന്ന നിക്ഷേപമായി വസ്തുവകകള്‍ വാങ്ങുന്ന പ്രവണതയും വില വര്‍ദ്ധിപ്പിക്കുന്ന പ്രാഥമിക ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. വാടകയിനത്തില്‍ ഇയുവില്‍ 2010 മുതല്‍ 2022 വരെ ശരാശരി 18% വര്‍ധനവുണ്ടായി. വിലക്കയറ്റം, ജീവിതച്ചെലവ്, മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി എന്നിവയെക്കുറിച്ച് പല യൂറോപ്യന്മാരും ആശങ്കാകുലരാണ്. 2024 ജൂലൈയിലെ യൂറോ ബാരോമീറ്റര്‍ സര്‍വേ പ്രകാരം, യൂറോപ്യന്‍ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ആളുകളെ പ്രേരിപ്പിച്ച പ്രാഥമിക കാരണങ്ങള്‍ ഇവയാണ്.