അന്തർദേശീയം
ബാലിയിൽ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടു; 5 മരണം

ഡെൻപസാർ : ഇന്തോനേഷ്യയിലെ ബാലിയിൽ വിനോദസഞ്ചാരികളുടെ ബസ് അപകടത്തിൽപ്പെട്ട് അഞ്ചു മരണം. ചൈന സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. എട്ടുപേർക്ക് പരിക്കേറ്റു. ബാലി ദ്വീപിന്റെ വടക്കൻ തീരത്തേക്ക് പോവുകയായിരുന്നു ബസ്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം റോഡിൽ നിന്ന് മാറി സമീപത്തുള്ള പൂന്തോട്ടത്തിലേക്ക് മറിയുകയും ഒരു മരത്തിൽ ഇടിക്കുകയും ചെയ്തുവെന്ന് ബുലെലെങ് റീജൻസിയിലെ പൊലീസ് മേധാവി ഇഡ ബാഗസ് വിദ്വാൻ സുതാഡി പറഞ്ഞു.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നും വളഞ്ഞുപുളഞ്ഞതും കുത്തനെയുള്ളതുമായ റോഡിൽകൂടി അശ്രദ്ധമായി വാഹനമോടിച്ചതാണ് ദുരന്തമുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റ എട്ടുപേരെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഡ്രൈവർക്ക് കാര്യമായ പരിക്കുകളില്ല. ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.



