‘എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും, പക്ഷെ…. നിനക്ക് മാപ്പില്ല’; വെടിവച്ച് കൊന്ന ശേഷം പ്രതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കണ്ണൂര്‍ : കൈതപ്രത്ത് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയത് ഫെയ്സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിന് പിന്നാലെ. വ്യാഴാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ വച്ചായിരുന്നു സംഭവം. പ്രതി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തി. കൊലപാതകത്തിന് ശേഷവും പ്രതി ഫെയ്‌സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തു
വെടിയൊച്ച കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന രാധാകൃഷ്ണനെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു.
രാധാകൃഷ്ണന്റെ വീടിന്റെ നിര്‍മ്മാണ പ്രവൃത്തി ഉള്‍പ്പെടെ ഏറ്റെടുത്ത് നടത്തിയത് സന്തോഷ് ആണെന്ന് അയല്‍വാസികള്‍ പറഞ്ഞു.രാധാകൃഷ്ണന്റെ നെഞ്ചിലായിരുന്നു വെടിയേറ്റത്. നാടന്‍ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ലൈസന്‍സ് ഉണ്ടോ എന്ന കാര്യം വ്യക്തമല്ല.
വൈകിട്ട് 4.23ന് സന്തോഷ് തോക്കേന്തി നില്‍ക്കുന്ന ഒരു ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്‌ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്ന അടിക്കുറിപ്പോടെ തോക്കേന്തി നില്‍ക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ കൊല നടത്തിയത്.
രാത്രി 7:27ന് മറ്റൊരു പോസ്റ്റും കൂടി ഇയാള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെടാ എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്…. എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’ എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്.
രാവിലെ 9:52ന് ഇട്ട കുറിപ്പ് ഇങ്ങനെ; ‘ചില തീരുമാനം ചിലപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചിട്ടായിരിക്കും. നമ്മള്‍ അത് മനസിലാക്കാന്‍ വൈകി പോകും. അവസാന ഘട്ടത്തില്‍ പോലും മനസിലാകാതെ വന്നാല്‍ കൈവിട്ടു പോകും. നമ്മുടെ നില നമ്മള്‍ തന്നെ മനസ്സിലാക്കണം. അത് മനസിലാക്കാതെ വന്നാല്‍ ചിലപ്പോള്‍ നമുക്ക് നമ്മളെ തന്നെ നഷ്ടം ആകും. ആരെയും ഒറ്റപ്പെടുത്താതിരിക്കുക കൂടെ നിര്‍ത്തുക പറ്റുന്നിടത്തോളം. ചുരുങ്ങിയ ജീവിതത്തില്‍ ആര്‍ക്കും ശല്യം ആകാതെ ഇരിക്കുക. നമ്മുടെ സാന്നിധ്യം ശല്യം ആകുന്നവര്‍ക്ക് മുന്നില്‍ പോകരുത് അവര്‍ നമ്മളെ ഒരിക്കലും കാണരുത്’- എന്നായിരുന്നു പോസ്റ്റ്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം