പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 37 പേർ മരിച്ചു

ലിമ : പെറുവിൽ യാത്രാബസ് കൊക്കയിലേക്ക് മറിഞ്ഞ് 37 പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. തെക്കൻ പെറുവിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ബസ് മറ്റൊരു വാഹനവുമായി ഇടിച്ച ശേഷം ആഴത്തിലുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ബസ് ഒരു പിക്കപ്പ് ട്രക്കിൽ ഇടിച്ചശേഷം റോഡിൽ നിന്ന് 200 മീറ്ററിലധികം താഴേക്ക് ഒകോവ നദിയുടെ തീരത്തേക്ക് വീണതായി അരെക്വിപ മേഖലയിലെ ആരോഗ്യ മാനേജർ വാൾതർ ഒപോർട്ടോ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. തെക്കൻ പെറുവിലെ ഖനി പ്രദേശമായ ചാല നഗരത്തിൽ നിന്ന് അരെക്വിപയിലേക്ക് പോവുകയായിരുന്നു ബസ്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
ആഗസ്തിൽ പെറുവിൽ ബസ് ഹൈവേയിൽ മറിഞ്ഞ് 10 പേർ മരിച്ചു. ജൂലൈയിൽ ലിമയിൽ നിന്ന് പെറുവിലെ ആമസോൺ മേഖലയിലേക്ക് പോകുകയായിരുന്ന ബസ് മറിഞ്ഞ് 18 പേർ മരിക്കുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനുവരിയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് പേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഡെത്ത് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ (AP) ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024ൽ പെറുവിൽ വാഹനാപകടങ്ങളിൽ ഏകദേശം 3,173 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.



