അന്തർദേശീയം
ഇത്യോപ്യയിൽ ദേവാലയ നിർമാണത്തിനായി സ്ഥാപിച്ച തട്ട് തകർന്നുവീണ് 36 മരണം; ഇരുന്നൂറിലേറെ പേർക്കു പരുക്ക്

മിൻജർ ഷെങ്കോര : ദേവാലയ നിർമാണത്തിനായി സ്ഥാപിച്ചിരുന്ന തട്ട് തകർന്നുവീണ് ഇത്യോപ്യയിൽ 36 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ ഒട്ടേറെപ്പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. തിരുനാൾ ആഘോഷത്തിന് അംഹാര മേഖലയിലെ നോർത്ത് ഷേവയിലെ നിർമാണം നടക്കുന്ന അറേറ്റി സെന്റ് മേരീസ് പള്ളിയിൽ എത്തിയവരാണ് അപകടത്തിൽപെട്ടതെന്ന് പൊലീസ് പറഞ്ഞു.
ദേവാലയത്തിന്റെ പുതുതായി ചായം പൂശിയ താഴികക്കുടത്തിനു താഴെയുള്ള ഭാഗത്തെ തട്ടാണ് തകർന്നുവീണത്. തട്ട് തകർന്നുവീണപ്പോൾ, വാതിലിൽ നിന്നവർക്ക് രക്ഷപ്പെടാൻ സാധിച്ചെങ്കിലും മധ്യഭാഗത്ത് നിന്നവർ ഇതിനുള്ളിൽ കുടുങ്ങുകയായിരുന്നു.