മിഷിഗണിൽ ചെറുവിമാനം തകർന്നുവീണ് 3 മരണം

മിഷിഗൺ : മിഷിഗണിലെ ബാത് ടൗൺഷിപ്പിൽ ചെറുവിമാനം തകർന്നുവീണ് അപകടം. വ്യാഴം വൈകിട്ടാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരെ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. മിഷിഗണിലെ ബാത്ത് ടൗൺഷിപ്പിൽ ക്ലാർക്ക് റോഡും പീക്കോക്ക് റോഡും ചേരുന്നയിടത്താണ് വിമാനം തകർന്നുവീണത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വിമാനം ആകാശത്ത് നിന്ന് വീഴുന്നതായി കാണാം. ഈ ദൃശ്യങ്ങളുടെ ആധികാരികതയും പരിശോധിച്ചിട്ടില്ല. വിമാനം തകർന്നുവീണതിനുപിന്നാലെ കനത്ത പുക ഉയരുന്നതും കാണാം. മിഷിഗൺ സ്റ്റേറ്റ് പൊലീസ്, ബാത്ത് ടൗൺഷിപ്പ് പൊലീസ്, ഫയർഫോഴ്‌സ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
തിങ്കളാഴ്ച, മസാച്യുസെറ്റ്സിലെ ഡാർട്ട്മൗത്തിൽ റൂട്ട് 195 ൽ ഒരു ചെറിയ വിമാനം തകർന്നുവീണ് രണ്ട് പേർ മരിച്ചു. ഞായറാഴ്ച ടെക്സസിലെ ടാരന്റ് കൗണ്ടിയിലെ ഒരു വിമാനത്താവളത്തിന് സമീപം ഒരു വിമാനം തകർന്നുവീണ് രണ്ട് പേർ മരിച്ചു.