അന്തർദേശീയം

ഗസ്സയിൽ സ്കൂളിന് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ 29 മരണം

ഗസ്സ : ഖാൻ യൂനുസിലെ അബസാനിൽ ഫലസ്​തീൻ അഭയാർഥികൾ താൽക്കാലികമായി താമസിച്ചുവന്ന സ്​കൂൾ കെട്ടിടത്തിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരണം 29 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ്​ റിപ്പോർട്ട്​.

മധ്യ ഗസ്സയിലെ ബുറേജി അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയുടെ കൂടുതൽ ഉൾഭാഗങ്ങളിലേക്കും ഇസ്രായേൽ ടാങ്കുകൾ എത്തിയതോടെ കുരുതി വ്യാപകമായതായി ദൃക്​സാക്ഷികൾ പറയുന്നു.

ആയിരക്കണക്കിന് ഫലസ്തീനികളാണ്​ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്നത്​. രക്ഷപ്പെടാൻ സുരക്ഷിതമായ ഒരു സ്ഥലവുമില്ലാതിരിക്കെ, മരണം കാത്തുകഴിയുകയാണ്​ അഭയാർഥികളിൽ വലിയാരു പങ്കും. പട്ടിണിയെ ആസൂത്രിത കാമ്പയിനാക്കി ഇസ്രായേൽ മാറ്റുന്നതായി ഐക്യരാഷ്​ട്ര സംഘടന കുറ്റപ്പെടുത്തി. എന്നാൽ, ആരോപണം ഇസ്രായേൽ തള്ളി.

​വെടിനിർത്തൽ കരാർ ചർച്ചക്കായി മൊസാദ്​ മേധാവിയുടെ നേതൃത്വത്തിലുളള സംഘം ഇന്ന്​ രാത്രി ഖത്തറിലെത്തും. അതേസമയം, ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നിർബന്ധിതരാകുന്ന ഒരു കരാറും അംഗീകരിക്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി. അമേരിക്കയും ഖത്തറും ഈജിപ്തുമാണ് സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്.

സി.ഐ.എ ഡയറക്ടർ വില്യം ബേൺസ് സമാധാന ചർച്ചകൾക്കായി കഴിഞ്ഞ ദിവസം ഈജിപ്തിലെത്തി. ആക്രമണം അവസാനിപ്പിക്കില്ലെന്നും ഗസ്സയിൽ നിന്ന്​ പിൻവാങ്ങില്ലെന്നും നെതന്യാഹു പ്രഖ്യാപിച്ചിരിക്കെ, ദോഹ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടാകുമെന്ന്​ തങ്ങൾ കരുതുന്നില്ലെന്ന്​ ഹമാസ്​ പ്രതികരിച്ചു.

ഗസ്സയിൽ ആക്രമണവും ഉപരോധവും അവസാനിപ്പിക്കും വരെ പോരാട്ടം തുടരുമെന്ന്​ ഹൂതികൾ അറിയിച്ചു. ഇന്നലെ അമേരിക്കയുടെയും ഇസ്രായേലിന്റെയും മൂന്ന്​ കപ്പലുകൾക്ക്​ നേരെ ആക്രമണം നടത്തിയെന്നും ഹൂതികൾ വ്യക്​തമാക്കി.

ലബനാൻ അതിർത്തിയിലെ സംഘർഷത്തിനും അയവില്ല. അമ്പതിലേറെ മിസൈലുകൾ ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക്​ നേരെ അയച്ചതായി ഹിസ്​ബുല്ല അറിയിച്ചു. ഇതേ തുടർന്ന്​ അതിർത്തി പ്രദേശങ്ങളിൽ വ്യാപക തീപിടിത്തവും ഉണ്ടായി. അധിനിവിഷ്​ട ഗൊലാൻ കുന്നിനു നേർക്ക്​ ഹിസ്​ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിൽ ആളപായം ഉണ്ടായതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

അതിനിടെ, ഇസ്രായേൽ ജയിലുകൾ നിറഞ്ഞു കവിഞ്ഞിരിക്കെ, ഫലസ്​തീൻ തടവുകാരെ പാർപ്പിക്കാൻ പ്രത്യേക കൂടുകൾ പണിയുന്ന പദ്ധതിക്ക്​ നാളെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മന്ത്രിമാരുടെ അനുമതി തേടുമെന്ന്​ ഇസ്രായേൽ ചാനൽ 14 റിപ്പോർട്ട്​ ചെയ്​തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button