ദക്ഷിണാഫ്രിക്കയിൽ സ്വർണ ഖനിയിൽ 289 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ജോഹന്നാസ്ബർഗ് : ജോഹന്നാസ്ബർഗിൽ സ്വർണഖനിയിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. 289 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വ്യാഴാഴ്‌ച രാത്രിയോടെയായിരുന്നു അപകടം. ജോഹന്നാസ്ബർഗിനടുത്തുള്ള ക്ലൂഫ് സ്വർണ ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഖനി ഉടമകളായ സിബാനി സ്റ്റിൽ വാട്ടർ പറഞ്ഞു.
സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. തൊഴിലാളികൾ സുരക്ഷിതരാണെന്നും സുരക്ഷാ നടപടിക്രമങ്ങളും പരിശോധനയും നടന്നുവരികയാണെന്നും സിബാനി വക്താവ് വ്യക്തമാക്കി. സിബാനിയുടെ മൊത്തം സ്വർണ ഉൽപാദനത്തിന്റെ 14 ശതമാനം വരുന്ന ക്ലൂഫിൽ നിന്നാണ്. ലോകത്തിലെ ഏറ്റവും ആഴമേറിയതും പഴക്കമേറിയതുമായ സ്വർണ ഖനികൾ ഉള്ള ദക്ഷിണാഫ്രിക്കയിൽ ഇത്തരം അപകടങ്ങൾ സാധാരണമാണ്. ഈ വർഷം ആദ്യം ഒരു അനധികൃത സ്വർണ ഖനിയിൽ നിന്ന് 78 മൃതദേഹങ്ങൾ കണ്ടെത്തിരുന്നു.