9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് 24 വര്‍ഷം

ന്യൂയോര്‍ക്ക് : ലോക മനസാക്ഷിയെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് 24 വര്‍ഷം. 24 വർഷം മുൻപ് ഇതുപോലൊരു സെപ്തംബറിലെ പതിനൊന്നാം തീയതിയാണ് ലോകരാഷ്ട്രീയത്തെ മാറ്റിമറിച്ച ഭീകരാക്രമണം യുഎസിലുണ്ടായത്. അമേരിക്കയുടെ അഭിമാനസ്തംഭങ്ങളായിരുന്ന ലോകവ്യാപാര കേന്ദ്രവും പെന്റഗൺ ആസ്ഥാനവുമാണ് അന്ന് തകർന്നത്. അമേരിക്കന്‍ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അല്‍ ഖ്വയിദ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തിന് ലോകചരിത്രത്തില്‍ സമാനതകളില്ല.
2001 സെപ്തംബര്‍ 11, രാവിലെ എട്ട് മുപ്പത്. ലോക വ്യാപാരകേന്ദ്രത്തിന്റെ ഏറ്റവും ഉയരംകൂടിയ രണ്ട് ടവറുകളിലേക്ക് ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചുകയറ്റി. മിനിറ്റുകള്‍ക്കകം ഇരു ടവറുകളും നിലം പൊത്തി. 19പേര് അടങ്ങുന്ന അല്‍ഖ്വയിദ ഭീകരര്‍ സംഘങ്ങളായി തിരിഞ്ഞ് നാല് അമേരിക്കന്‍ യാത്രവിമാനങ്ങള്‍ റാഞ്ചി. സംഘം നാലായി തിരിഞ്ഞാണ് ആക്രമണം നടത്തിയത്. തൊട്ടുപിന്നാലെ അമേരിക്കന്‍ സൈന്യത്തിന്റെ ആസ്ഥാനമായ പെന്റഗണിലേക്ക് അടുത്ത വിമാനം ഇടിച്ചിറങ്ങി.
നാലാമത്തെ വിമാനം വൈറ്റ് ഹൗസ് ലക്ഷ്യമാക്കിയുളളതായിരുന്നുവെന്നാണ് റിപ്പോട്ടുകള്‍. യാത്രക്കാരും ഭീകരരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പെന്‍സില്‍വാനിയയിലെ പാടശേഖരത്ത് വിമാനം തകര്‍ന്നുവീണു. 77 രാജ്യങ്ങളില്‍നിന്നുള്ള 2977 പേര് കൊല്ലപ്പെട്ടു. പതിനായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റു. യുദ്ധതന്ത്രങ്ങളേക്കാള്‍ സൂക്ഷ്മതയോടെ മെനഞ്ഞ ഭീകരാക്രമണമായിരുന്നു അത്. അല്‍ ഖ്വയ്ദ ഭീകരന് ഖാലിദ് ഷേക്ക് മുഹമ്മദാണ് ആക്രമണത്തിന്റെ ആശയം ഒസാമ ബിന്‍ ലാദന് മുന്പില് അവതരിപ്പിച്ചത്.
1998 ല്‍ ബിന്‍ ലാദന് പദ്ധതിയ്ക്ക് അനുമതി നല്കി. ആക്രമണം നടന്നതിന് തൊട്ടടുത്ത മാസം അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനിലെത്തി. ഡിസംബറോടെ താലിബാന് സര്‍ക്കാര്‍ താഴെവീണു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന ഒസാമ ബിന്‍ ലാദനെ അമേരിക്ക വധിച്ചു. പത്തുവര്‍ഷത്തോളം നാറ്റോ സൈന്യം അഫ്ഗാനിസ്ഥാനില്‍ തുടര്‍ന്നു. എന്നാല്‍ സൈന്യം മടങ്ങിയതോടെ അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന് അധികാരത്തിലെത്തി.