കേരളം

മുണ്ടക്കൈ പുനരിധിവാസം : ആദ്യഘട്ട പട്ടികയിൽ ഉള്ള 235 പേർ സമ്മതപത്രം നൽകി

വയനാട് : മുണ്ടക്കൈ പുനരിധിവാസത്തിനായി 235 പേർസമ്മതപത്രം നൽകി. 242 പേരാണ് ആദ്യഘട്ട പട്ടികയിൽ ഉള്ളത്,രണ്ടാംഘട്ട എ,ബി പട്ടികയിൽ ഉൾപ്പെട്ടവരുടെ സമ്മതപത്രം ഇന്നുമുതൽ സ്വീകരിക്കും. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് 170 പേരും പകരം നൽകുന്ന സാമ്പത്തിക സഹായത്തിന് 65 പേരുമാണ് കലക്ടറേറ്റിലെത്തി സമ്മതപത്രം കൈമാറിയത്.

സമ്മതപത്രം കൈമാറാനുള്ള അവസാന ദിനമായ ഇന്നലെ 113 ഗുണഭോക്താക്കൾ സമ്മതപത്രം കൈമാറി. 64 ഹെക്ടര്‍ ഭൂമിയിൽ പൂർത്തിയാക്കുന്ന ടൗണ്‍ഷിപ്പില്‍ 7 സെന്റിൽ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീട് നിര്‍മ്മിക്കുക. ആരോഗ്യ കേന്ദ്രം, അംഗന്‍വാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്‍റര്‍ എന്നിവ ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മ്മിക്കും. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ.

സംഘടനകളോ വ്യക്തികളോ മറ്റ് സ്പോൺസർമാരോ വീടുവെച്ച് നല്‍കുന്നതിനാലോ മറ്റോ ടൗൺഷിപ്പിൽ വീട് വേണ്ട എന്ന് തീരുമാനിക്കുന്നവർക്ക് സര്‍ക്കാര്‍ നിശ്ചയിച്ച 15 ലക്ഷം രൂപ സാമ്പത്തിക സഹായമായി ലഭിക്കും. രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട ഗുണഭോക്താകളില്‍ നിന്ന് സമ്മതപത്രം ഇന്ന് മുതല്‍ സ്വീകരിക്കും. ഇതുകൂടി ചേർത്ത് ടൗണ്‍ഷിപ്പില്‍ വീട് വേണോ, സാമ്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കാനാണ് സർക്കാർ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button