സ്പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 മരണം

മാഡ്രിഡ് : സ്പെയിനില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 മരണം. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം 6.40ന് കോര്‍ഡോബ നഗരത്തിനടുത്തുള്ള ആദമുസ് എന്ന സ്ഥലത്താണ് അപകടമുണ്ടായത്. അപകടത്തില്‍ 73 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
മലാഗയില്‍ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന അതിവേഗ ട്രെയിന്‍ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം എതിര്‍ദിശയില്‍ മാഡ്രിഡില്‍ നിന്ന് ഹുവെല്‍വയിലേക്ക് വരികയായിരുന്ന രണ്ടാമത്തെ ട്രെയിന്‍ ഇതിലേക്ക് ഇടിച്ച് പാളം തെറ്റിയതോടെയാണ് വലിയ ദുരന്തമുണ്ടായത്. മലാഗയില്‍ നിന്ന് പുറപ്പെട്ട് പത്ത് മിനിറ്റിനുള്ളിലാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍പ്പെട്ട മലാഗയില്‍ നിന്നുള്ള ട്രെയിനില്‍ ഏകദേശം 300 യാത്രക്കാര്‍ ഉണ്ടായിരുന്നതായി ട്രെയിന്‍ ഓപ്പറേറ്റ് ചെയ്ത സ്വകാര്യ കമ്പനിയായ ഇറിയോ അറിയിച്ചു. സംഭവത്തില്‍ 73 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ബോഗികള്‍ക്കുള്ളില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങി. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുവെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.



