അന്തർദേശീയം

നൈജീരിയയിലുണ്ടായ ഒന്നിലധികം ചാവേറാക്രമണങ്ങളിൽ 23 പേർ കൊല്ലപ്പെട്ടു; നൂറിലധികം പേർക്ക് പരിക്ക്

അബുജ : നൈജീരിയയിലുണ്ടായ ഒന്നിലധികം ചാവേറാക്രമണങ്ങളിൽ 23 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗുരിയിലാണ് ആക്രമണമുണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ ഒന്നിലധികം ചാവേർ ബോംബർമാരാണ് സ്ഫോടനത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

തിങ്കളാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച രാത്രി ഒരു സൈനിക പോസ്റ്റിന് നേരെയും ആക്രമണമുണ്ടായിരുന്നു. ബോക്കോ ഹറാം (Boko Haram), ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP) എന്നീ ഭീകര സംഘടനകളാണ് വടക്കുകിഴക്കൻ നൈജീരിയയിൽ ആക്രമണം ശക്തമാക്കുന്നത്. ചാവേറാക്രമണത്തിന് പിന്നിലും ഇവരാണെന്നാണ് നി​ഗമനം.

ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ സാധാരണ നില പുനഃസ്ഥാപിച്ചതായും നഗരത്തിലും പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കിയതായും പൊലീസ് വക്താവ് നഹും കെന്നത്ത് ദാസോ അറിയിച്ചു. പരിക്കേറ്റ നിരവധി പേർ ചികിത്സയിലാണെന്നും നഗരത്തിലെ ആശുപത്രികളിൽ കടുത്ത തിരക്ക് അനുഭവപ്പെടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ 16 വർഷമായി തുടരുന്ന ഖിലാഫത്ത് സ്ഥാപിക്കാനുള്ള നീക്കങ്ങളിൽ ഇതുവരെ 40,000ത്തിലധികം പേർ കൊല്ലപ്പെടുകയും 20 ലക്ഷത്തോളം പേർ പലായനം ചെയ്യേണ്ടതായും വന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button