ജക്കാർത്തയിൽ ഡ്രോൺ നിർമാണ കമ്പനിയിൽ തീപിടിത്തം; 20 മരണം

ജക്കാർത്ത : ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ ബഹുനില കെട്ടിടത്തിനു തീപിടിച്ച് 20 പേർക്ക് ദാരുണാന്ത്യം. സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. സംഭവസമയത്ത് നിരവധി പേർ കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നു. മൈനിങ്, കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ ഡ്രോണുകള്‍ എന്നിവ വിതരണം ചെയ്യുന്ന ടെറാ ഡ്രോണ്‍ ഇന്തൊനീഷ്യ എന്ന കമ്പനിയുടെ ഓഫിസിലാണ് തീപിടിത്തമുണ്ടായത്. ജാപ്പനീസ് ഡ്രോണ്‍ നിര്‍മാതാക്കളായ ടെറ ഡ്രോണ്‍ കോര്‍പറേഷന്‍റെ ഇന്തൊനീഷ്യന്‍ ഉപസ്ഥാപനമാണിത്.
ഒന്നാം നിലയിലാണ് ആദ്യം തീ പിടിച്ചത്. പിന്നീട് മുകളിലത്തെ നിലകളിലേക്ക് പടരുകയായിരുന്നു. കെട്ടിടത്തിന് അകത്ത് ജീവനക്കാർ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. ഉച്ചഭക്ഷണം കഴിക്കാൻ കെട്ടിടത്തിൽ നിന്ന് പുറത്തുപോയ ജീവനക്കാർ രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുകൾ നിലകളിൽ കുടുങ്ങിയവരെ താഴെയെത്തിക്കാനും തീയണയ്ക്കാനുമാണ് ശ്രമം.
പൊള്ളലേറ്റും പുകനിറഞ്ഞ് ശ്വാസംമുട്ടിയുമാണ് മിക്കവരും മരിച്ചത്. ചിലര്‍ ഗ്ലാസുകള്‍ പൊട്ടിച്ചു പുറത്തുചാടി രക്ഷപെട്ടു. ഒട്ടേറെപേര്‍ കുടുങ്ങിപോയി. മരിച്ച പലരുടെയും ശരീരങ്ങള്‍ തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്. രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പോളിത്തീന്‍ ഷീറ്റുകളില്‍ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കോംപാസ് ടിവി സംപ്രേഷണം ചെയ്തു. അപകടത്തെക്കുറിച്ച് ടെറാ ഡ്രോണ്‍ കമ്പനി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.



