കാനഡയിൽ കത്തിക്കുത്ത്; അക്രമിയുമടക്കം 2 പേർ മരിച്ചു, 6 പേർക്ക് പരിക്ക്

ഒട്ടാവ : കാനഡയിലെ ഹോളോവാട്ടർ ഫസ്റ്റ് നേഷനിൽ ഉണ്ടായ കത്തിക്കുത്തിൽ അക്രമി അടക്കം രണ്ടുപേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടത് 18 വയസുള്ള പെൺകുട്ടിയാണെന്നാണ് വിവരം. പരിക്കേറ്റ ആറുപേരെ ആശുപത്രിയിലേക്ക് മാറ്റിയതായി കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) എഎഫ്പിക്ക് അയച്ച ഇമെയിലിൽ പറയുന്നു. എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനായി വിവരങ്ങൾ ശേഖരിക്കുകയാണെന്നും, അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
വിന്നിപെഗ് നഗരത്തിന് ഏകദേശം 200 കിലോമീറ്റർ ദൂരെയുള്ള മാനിറ്റോബ പ്രവിശ്യയിലെ ഒരു ഫസ്റ്റ് നേഷൻസ് കമ്മ്യൂണിറ്റിയിൽ വ്യാഴാഴ്ചയാണ് ആക്രമണം നടക്കുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെടുന്നതിനിടെയുണ്ടായ അപകടത്തിലാണ് പ്രതി മരിച്ചത്. ആയിരത്തോളം ആളുകളുള്ള ഒരു തദ്ദേശീയ സമൂഹമാണു ഹോളോവാട്ടർ ഫസ്റ്റ് നേഷൻ. മാനിറ്റോബയുടെ പ്രവിശ്യാ തലസ്ഥാനമായ വിന്നിപെഗിന് 217 കിലോമീറ്റർ വടക്കായാണു ഹോളോവാട്ടർ ഫസ്റ്റ് നേഷൻ സ്ഥിതിചെയ്യുന്നത്. കാനഡയിലെ 41 മില്യൻ ജനസംഖ്യയുടെ ഏകദേശം അഞ്ചുശതമാനം തദ്ദേശീയ ജനതയാണ്. വലിയ രീതിയിൽ തദ്ദേശീയ ജനവിഭാഗം ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടുന്നതായാണു കണക്കുകൾ സൂചിപ്പക്കുന്നത്.