ലബനാനിലെ ബെക്കാ വാലിയിൽ ഇസ്രായേൽ വ്യോമാക്രമണം; 14പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട് : ലബനാനിലെ കിഴക്കൻ ബെക്കാ വാലിയിൽ വെള്ളിയാഴ്ച ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. 24പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നതായി ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലബനാനിലെ ഫലസ്തീൻ അഭയാർത്ഥി ക്യാമ്പിലും ഇസ്രയേൽ സേന ആക്രമണം നടത്തി. ഇതിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടു. അഭയം തേടിയെത്തിയ കുടുംബങ്ങൾ കൂട്ടത്തോടെ താമസിക്കുന്ന കുടിലുകളാണ്.
ബെക്കാ വാലിയിലെ ഹിസ്ബുള്ളയുടെ “കമാൻഡ് സെന്ററുകൾ”ആണ് ആക്രമിച്ചതെന്നാണ് ഇസ്രായേൽ ന്യായീകരണം.എന്നാൽ ആക്രമണം നടന്ന സ്ഥലത്തെ പ്രാദേശിക ടെലിവിഷൻ ദൃശ്യങ്ങളിൽ ഒരു അപ്പാർട്ട്മെന്റ് കെട്ടിടമാണ് ദൃശ്യമാവുന്നത്.സാധാരണക്കാര് താമസിക്കുന്ന കെട്ടിടത്തിൽ നിന്നും രക്ഷാ സേനകൾ തീ അണയ്ക്കാനും ഇടിഞ്ഞ കെട്ടിടത്തിൽ നിന്ന് അതിജീവകരെ കണ്ടെത്താനും ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
തുറമുഖ നഗരമായ സൈദോണിലെ ഐൻ അൽ-ഹിൽവേ ഫലസ്തീൻ അഭയാർത്ഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം നടത്തി.ഇവിടെയാണ് രണ്ട് പേര് കൊല്ലപ്പെട്ടത്. ഹമാസിന്റെ “കമാൻഡ് സെന്റർ”ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
വെടിനിർത്തലിന് ശേഷവും ഹിസ്ബുള്ള പുനഃസംഘടിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് ഇസ്രായേൽ ഏതാണ്ട് ദിവസേന ലബനാനിൽ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇറാനുമായുള്ള ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്ന സന്ദർഭത്തിലാണ് വെള്ളിയാഴ്ചത്തെ ആക്രമണങ്ങൾ. ഹിസ്ബുള്ളയ്ക്കും ഹമാസിനും പിന്തുണ നൽകുന്നതായി ഇറാനെതിരെ ഇസ്രയേലും രംഗത്ത് ഉണ്ട്.



