വയനാട് ഉരുൾപൊട്ടലിൽ മരിച്ച 133 പേരെ തിരിച്ചറിഞ്ഞു, തിരിച്ചറിയാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും
മേപ്പാടി : വയനാട് ഉരുൾപൊട്ടലിൽ മരിച്ച 133 പേരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇതുവരെ 181 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയായി. 199 മരണമാണ് സംസ്ഥാന സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 89 പുരുഷന്മാരും 82 സ്ത്രീകളും 28 കുട്ടികളുമാണ്. ഇതുകൂടാതെ 130 ശരീരഭാഗങ്ങൾ ലഭിച്ചു. ലഭിച്ച ശരീരഭാഗങ്ങളുടെയെല്ലാം പോസ്റ്റ്മോർട്ടം പൂർത്തിയായി.
56 മൃതദേഹം ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. ചാലിയാറിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾ നിലമ്പൂരിലെ ജില്ലാ ആശുപത്രിയിലാണ് എത്തിക്കുന്നത്. ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ച് ഇവ മേപ്പാടിയിലേക്ക് മാറ്റുന്ന നടപടി തുടരുകയാണ്. നിലമ്പൂർ ആശുപത്രിയിൽ നിന്ന് ഇതുവരെ 116 മൃതദേഹവും 87 ശരീരഭാഗങ്ങളും കൈമാറി. ഇതിൽ 21പേരുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.ദുരന്ത പ്രദേശത്ത് നിന്ന് 264 പേരെ ആശുപത്രികളില്‍ എത്തിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ഇപ്പോൾ 86 പേർ ചികിത്സയിലുണ്ട്.
ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.