മത്സരശേഷം സിറ്റി പരിശീലകന് സംഭവിച്ചത്?; മുഖംനിറയെ മുറിവേറ്റ പാടുമായി പെപ്
ലണ്ടൻ : പ്രീമിയർലീഗിലും ചാമ്പ്യൻസ് ലീഗിലും സമീപകാലത്തായി പെപ് ഗ്വാർഡിയോളക്കും മാഞ്ചസ്റ്റർ സിറ്റിക്കും തിരിച്ചടിയുടെ കാലമാണ്. പ്രീമിയർലീഗിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ തോൽവി. ചാമ്പ്യൻസ് ലീഗിലേക്കെത്തിയപ്പോഴും മുൻ ചാമ്പ്യൻമാർക്ക് മാറ്റമൊന്നുമില്ല. ഇന്നലെ ഡച്ച് ക്ലബ് ഫെയനൂർഡാണ് സിറ്റിയെ സമനിലയിൽ തളച്ചത്. മൂന്ന് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് അവസാന 15 മിനിറ്റിനിടെ മൂന്ന് ഗോൾ വഴങ്ങിയത്. ഇതോടെ മാഞ്ചസ്റ്റർ സിറ്റി പോയന്റ് ടേബിളിൽ 15ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
എന്നാൽ മത്സരശേഷം കാണപ്പെട്ട സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ മുഖം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. മൂക്കിലും ചുണ്ടിലും മുറിവേറ്റപാടും തലയിൽ ചുവന്ന പാടുകളുമായാണ് പെപ് മാധ്യമങ്ങളെ കാണാനെത്തിയത്. ഇതേ കുറിച്ചുള്ള ചോദ്യത്തിന് ‘എല്ലാം തന്റെ വിരലിലെ നഖം കൊണ്ട് തന്നെ സംഭവിച്ചതാണ്’ എന്നായിരുന്നു മറുപടി. ടീം പ്രകടനത്തിൽ ഇത്തരത്തിൽ പ്രതികരിക്കുന്ന പെപ്പിനെ മുൻപൊന്നും കണ്ടിട്ടില്ല. ടീമിൽ പ്രശ്‌നങ്ങളുണ്ടെന്ന് തുറന്നു സമ്മതിച്ച സ്പാനിഷ് പരിശീലകൻ മാറ്റങ്ങൾ വരുത്തി തിരിച്ചെത്തുമെന്നും വ്യക്തമാക്കി.
എർലിങ് ഹാലൻഡിന്റെയും(44,53) ഇകായി ഗുണ്ടോഗന്റെ (50)യും ഗോളിലാണ് സിറ്റി 3-0ന് ലീഡ് നേടിയത്. എന്നാൽ 74ാം മിനുട്ടിൽ ഹാജ് മൂസയിലൂടെ ഫെയെനൂർദ് ആദ്യ ഗോൾ തിരിച്ചടിച്ചു. 82ാം മിനുട്ടിൽ സാന്തിയാഗോ ജിമെനെസും ഗോൾ നേടിയതോടെ സിറ്റി അപകടം മണത്തു. എന്നാൽ എതിർ ആക്രമണത്തെ പ്രതിരോധിച്ച് നിർത്താനായില്ല. 89ാം മിനിറ്റിൽ ഡേവിഡ് ഹാൻകോയിലൂടെ മൂന്നാം ഗോളും ഫെയെനൂർദ് ഒപ്പമെത്തി. പ്രീമിയർലീഗിൽ രണ്ടാമതാണെങ്കിലും തലപ്പത്തുള്ള ലിവർപൂളുമായി സിറ്റിക്ക് എട്ട് പോയന്റ് വ്യത്യാസമുണ്ട്. ലിവർപൂളിനെതിരെ ആൻഫീൽഡിലാണ് അടുത്ത മത്സരം