ദക്ഷിണാഫ്രിക്കയിലെ മദ്യശാലയില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കന്‍ നഗരമായ പ്രിട്ടോറിയയിലെ മദ്യശാലയില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രിട്ടോറിയയുടെ പടിഞ്ഞാറുള്ള സോള്‍സ്വില്ലെ ടൗണ്‍ഷിപ്പിലെ മദ്യ ശാലയില്‍ വെടിവയ്പ്പ് ഉണ്ടായത്. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയിലാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട കുട്ടികളില്‍ മൂന്ന് വയസ്സുള്ള ഒരു ആണ്‍കുട്ടിയും 12 വയസ്സുള്ള ഒരു ആണ്‍കുട്ടിയും, 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.
അപരിചിതരായ മൂന്ന് പേരാണ് ആക്രമണം നടത്തിയത്. ആളുകള്‍ മദ്യപിക്കുന്ന സ്ഥലത്ത് എത്തിയ തോക്കുധാരികള്‍ പ്രകോപനമില്ലാതെ തന്നെ വെടിവയ്ക്കുകയായിരുന്നെന്ന് പൊലീസ് വക്താവ് അറിയിച്ചു. വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല. ആക്രമണത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ദക്ഷിണാഫ്രിക്ക. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഓരോ ദിവസവും ഏകദേശം 63 പേര്‍ കൊല്ലപ്പെട്ടുണ്ടെന്നാണ് ദക്ഷിണാഫ്രിക്കന്‍ പൊലീസിന്റെ കണക്കുകള്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. ക്രിമിനല്‍ സംഘങ്ങള്‍ക്ക് വലിയ സ്വാധീനമാണ് ഇവിടെയുള്ളത്. അഴിമതിയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ക്രമസമാധാന നിലയെ സാരമായി ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കവര്‍ച്ച മുതല്‍ സംഘടിത ആക്രമണങ്ങള്‍ വരെ മരണക്കണിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. വ്യക്തിപരമായ സംരക്ഷണത്തിനായി നിരവധി ആളുകള്‍ക്ക് ലൈസന്‍സുള്ള തോക്കുകള്‍ ഉള്ള രാജ്യം കൂടിയാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ നിയമവിരുദ്ധ തോക്കുകള്‍ പ്രചാരത്തിലുണ്ട്.



