സാനുമാഷിന്റെ സമ്പൂർണ കൃതികൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഗുരുപൂർണിമയുടെ യൂറോപ്പ്തല സദസ്സ് ഇന്ന് ഉച്ച മുതൽ.
ലണ്ടൻ: സാനുമാഷിന്റെ കൃതികൾ സമാഹരിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്ന ഗുരുപൂർണിമയുടെ യൂറോപ്പ്തല സദസ്സ് ഇന്ന് ഉച്ച മുതൽ. ഈ പദ്ധതി അറിവ് തേടുന്ന ആർക്കും ഒരു ബൃഹത്തായ അന്വേഷണപരിസരം ഒരുക്കുകയാണ്. കൈരളി യുകെയുടെ നേതൃതത്തിൽ
ഉച്ചയ്ക്ക് 12.30 മുതൽ നടക്കും.സാനുമാഷിന്റെ സമ്പൂർണ്ണ കൃതികൾ ഗുരുപൂർണിമ യൂറോപ്പിലെ വായനക്കാരിലെത്തിക്കുന്ന ഈ ഉദ്ദ്യമത്തിൽ സാനുമാഷിനെ കൂടാതെ ഡോ. ടി എം തോമസ്സ് ഐസക്ക്, ഷാജി എൻ കരുൺ, ഡോ പി എസ് ശ്രീകല എന്നിവർ സദസ്സിൽ പങ്കെടുക്കും.
നിരന്തരമായ അന്വേഷണങ്ങളിലൂടെയും ഗഹനമായ ചിന്തകളിലൂടെയും താൻ മനസ്സിലാക്കിയ ലോകം
ലളിതമായി തലമുറകളിലേക്ക് പകർന്നുതന്ന ആധുനിക കേരളത്തിന്റെ ഗുരുശ്രേഷ്ഠൻ ആണ് സാനുമാഷ്. അദ്ദേഹത്തിന്റെ കൃതികൾ സമാഹരിച്ച് പ്രസിദ്ധീകരിക്കുന്ന ‘ഗുരുപൂർണിമ’ എന്ന ഈ പദ്ധതി അറിവ് തേടുന്ന ആർക്കും ഒരു ബൃഹത്തായ അന്വേഷണപരിസരം ഒരുക്കുകയാണ്.
സാഹിത്യദർശനം, സാഹിത്യവിമർശനം, കവിത, കഥാസാഹിത്യം, ശ്രീനാരായണഗുരുദർശനം, കുമാരനാശാന്റെ കാവ്യമണ്ഡലവും ജീവിതവും, ജീവചരിത്രരേഖകൾ, ശാസ്ത്രചിന്തകൾ, സാമൂഹ്യചിന്തകൾ, എന്നിവ കൂടാതെ സാനുമാഷിന്റെ സാഹിത്യ കൃതികളും ആത്മകഥയും അടങ്ങുന്ന ഏറെ വൈവിധ്യമാർന്ന വായനാപ്രപഞ്ചമാണ് ഗുരുപൂർണിമ ഒരുക്കുന്നത്.
വിജ്ഞാനസാഹിത്യം ജനപ്രിയവിഭാഗത്തിൽ ഉൾപെടാത്തതിനാൽ, ഇത്തരം കൃതികളുടെ സമാഹരണ പദ്ധതികൾക്ക് സാമൂഹിക ഇടപെടൽ കൂടിയേ തീരൂ. കേരളത്തെ ഒരു വിജ്ഞാനസമൂഹമാക്കി
മാറ്റിയെടുക്കുക എന്ന സാമൂഹ്യലക്ഷ്യം കൂടി മുൻനിർത്തി പ്രവർത്തിക്കുന്നതിനാലാണ്, സമൂഹ് എന്ന പ്രൊഫഷണലുകളുടെ സഹകരണപ്രസ്ഥാനം സാനുമാഷിനുള്ള മലയാളത്തിന്റെ ഗുരുദക്ഷിണയായി ഈ സംരംഭം ഏറ്റെടുത്തിട്ടുള്ളത്.
ഓരോ ദേശത്തും എല്ലാവർക്കും ലഭ്യമാകുന്ന വിധത്തിൽ പൊതുശേഖരത്തിൽ ഈ ഗ്രന്ഥങ്ങൾ ലഭ്യമാകണം, അതിനുള്ള വിഭവസമാഹരണം മലയാളഭാഷയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കടമയാണെന്ന് ഞങ്ങൾ കരുതുന്നു എന്നും ഭാവികേരളം കരുപ്പിടിപ്പിക്കാനുള്ള വിജ്ഞാന പദ്ധതികൾ ഏറ്റെടുത്ത് നടത്താനുള്ള പ്രചോദനം അണിയറ പ്രവർത്തകർക്ക് ലഭിക്കുന്നത് എല്ലാവരുടെയം പിന്തുണയിലൂടെയാന്ന് എന്ന് സംഘാടകർ പറഞ്ഞു.
കൈരളിക്കൊപ്പം യൂറോപ്പിലെ പുരോഗമന സംഘടനകൾ ആയ ക്രാന്തി അയർലണ്ട്, കെ.പി.ഫ്.എസ് സ്വിറ്റ്സർലൻഡ്, സംസ്കാര ജർമ്മനി, രക്തപുഷ്പങ്ങൾ ഇറ്റലി, യുവധാര മാൾട്ട സദസ്സിൽ പങ്കുചേരുന്നു.