വമ്പന്‍ സര്‍പ്രൈസ് പങ്കുവെച്ച് നീരജ് ചോപ്ര; ആശംസകളുമായി കായികലോകം
ന്യൂഡല്‍ഹി: ഇന്ത്യയുടെ ജാവലിന്‍ ത്രോ സൂപ്പര്‍ താരവും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ നീരജ് ചോപ്ര വിവാഹിതനായി. താരം തന്നെയാണ് സമൂഹമാദ്ധ്യമങ്ങള്‍ വഴി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിവാഹ ചിത്രങ്ങളും താരം പങ്കുവെച്ചു. ഹിമാനി എന്നാണ് 27കാരനായ നീരജിന്റെ വധുവിന്റെ പേര്.
‘ജീവിതത്തിന്റെ പുതിയൊരധ്യായം എന്റെ കുടുംബത്തോടൊപ്പം ആരംഭിച്ചു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന് ഒന്നിപ്പിച്ച എല്ലാവരുടേയും അനുഗ്രഹങ്ങള്‍ക്ക് നന്ദി. ഏറെ സന്തോഷത്തോടെ നീരജ്, ഹിമാനി.’ – സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം നീരജ് ചോപ്ര കുറിച്ചു.
ഇന്‍സ്റ്റഗ്രാമും ഫെയ്സ്ബുക്കും എക്സും ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ അദ്ദേഹം തന്നെ വിവരം പങ്കുവെച്ചപ്പോഴാണ് ലോകം ഇക്കാര്യം അറിയുന്നത്. ആരാധകര്‍ക്ക് വലിയ സര്‍പ്രൈസാണ് നീരജിന്റെ വിവാഹവാര്‍ത്ത. മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ താരം പങ്കുവച്ചതിന് ശേഷമാണ് വിവാഹ വാര്‍ത്ത അറിഞ്ഞത്.
ആരാധകരും, കായിക താരങ്ങളും, രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ നിരവധിപേരാണ് നീരജിനും വധു ഹിമാനിക്കും ആശംസകളറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. 2020ലെ പാരീസ് ഒളിമ്പിക്സില്‍ നീരജ് ചോപ്ര ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയിരുന്നു. അത്ലറ്റിക്സില് രാജ്യത്തിന് ലഭിക്കുന്ന ആദ്യത്തെ മെഡല്‍ നേട്ടമായിരുന്നു ഇത്.കഴിഞ്ഞ വര്‍ഷം പാരീസില്‍ നടന്ന ഒളിമ്പിക്സില്‍ താരത്തിന് വെള്ളി മെഡല്‍ ലഭിച്ചിരുന്നു.