അന്തർദേശീയം

‘ഗുജറാത്ത് അടക്കം മൂന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര പോകരുത്’- പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കാനഡ


ഒട്ടാവ: മൂന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര പോകരുതെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശവുമായി കാനഡ. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പോകരുതെന്നാണ് നിര്‍ദേശം.

പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളെന്ന നിലയ്ക്കാണ് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി കാനഡ സര്‍ക്കാര്‍ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.

ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍നിന്ന് 10 കി.മീറ്റര്‍ അകലെയുള്ള പ്രദേശങ്ങളിലൂടെ യാത്ര പോകരുതെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ മേഖലയില്‍ അപ്രവചനീയമായ സുരക്ഷാ സാഹചര്യവും കുഴിബോംബുകളുടെയും പൊട്ടാത്ത സ്‌ഫോടകവസ്തുക്കളുടെയും സാന്നിധ്യം നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. കാനഡ സര്‍ക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റിലാണ് നിര്‍ദേശം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രാജ്യവ്യാപകമായി ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. അടിയന്തര ആവശ്യത്തിനല്ലാതെ അസം, മണിപ്പൂര്‍ എന്നിവിടങ്ങളിലേക്കും യാത്ര പോകരുതെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിലേക്കും യാത്ര ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ലഡാക്കിനെ യാത്രാവിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവിടങ്ങളിലും ഭീകരാക്രമണ, കലാപസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് കാരണമായി ചൂണ്ടിക്കാട്ടുന്നു.

കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറത്തിറക്കിയിരുന്നു. കാനഡയില്‍ ഇന്ത്യന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ഗീയ കലാപങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും വര്‍ധിച്ചിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രാലയവും കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും ഇക്കാര്യം കനേഡിയന്‍ ഭരണകൂടത്തോട് ഉണര്‍ത്തിയിട്ടുണ്ടെന്നും സംഭവങ്ങളില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button