അന്തർദേശീയം

ബ്രഹ്മോസ് ഉപയോഗിക്കാൻ അവകാശം ഉണ്ടായിട്ടും അത്യാധുനിക മിസൈൽ റഷ്യ ഉപയോഗിക്കാത്തതിന്റെ കാരണം പുറത്ത്, മാരക പ്രഹരശേഷിയുള്ള ആയുധം ആദ്യമായി യുക്രെയിനിൽ പ്രയോഗിച്ചു

മോസ്കോ: ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത പദ്ധതിയായിരുന്നു ബ്രഹ്മോസ് മിസൈലുകള്‍. ചൈന ഇപ്പോഴും ഇന്ത്യയെ ആക്രമിക്കാന്‍ ഭയക്കുന്നതിന്റെ പ്രധാന കാരണവും ബ്രഹ്മോസ് തന്നെയാണ്.
ഇത്രയേറെ മാരക പ്രഹരശേഷിയുള്ള മിസൈല്‍ എന്നാല്‍ ഇന്ത്യ മാത്രമാണ് ഉപയോഗിക്കുന്നത്. ഇന്ത്യയെ പോലെ തന്നെ ആ മിസൈല്‍ ഉപയോഗിക്കാന്‍ റഷ്യയ്ക്കും അവകാശമുണ്ട്. കാരണം, ബ്രഹ്മോസ് മിസൈലിന്റെ സാങ്കേതിക വിദ്യ റഷ്യയാണ് ഇന്ത്യയ്ക്ക് കൈമാറിയത്. ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്കോ നദിയുടെയും പേരുകള്‍ യോജിപ്പിച്ചാണ് ബ്രഹ്മോസ് എന്ന് പേര് നല്‍കിയത് തന്നെ.

എന്നാല്‍ ഇന്നേവരെ റഷ്യ ബ്രഹ്മോസ് മിസൈലുകള്‍ ഉപയോഗിക്കാന്‍ തുനിഞ്ഞിട്ടില്ല. അതിന് കാരണം അതിലും മാരകമായ മിസൈല്‍ റഷ്യയുടെ പക്കല്‍ ഉണ്ടെന്നത് തന്നെ കാരണം. പക്ഷേ, കിന്‍ഴാല്‍ എന്ന ഈ ഹൈപ്പര്‍സോണിക് മിസൈല്‍ ഇതുവരെ റഷ്യ ഉപയോഗിച്ചിരുന്നില്ല എന്നതിനാല്‍ തന്നെ ഈ ആയുധം എത്രത്തോളം മാരകമാണെന്നതിനെ കുറിച്ച്‌ ശത്രുരാജ്യങ്ങള്‍ക്ക് വലിയ ധാരണയുണ്ടായിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം റഷ്യ യുക്രെയിനിലെ ഭൂമിക്കടിയിലുള്ള ഒരു ആയുധപുര തകര്‍ക്കാന്‍ കിന്‍ഴാല്‍ മിസൈലുകള്‍ ഉപയോഗിച്ചിരുന്നു. അപ്പോള്‍ മാത്രമാണ് റഷ്യയുടെ പക്കലുള്ള ഈ ആയുധം എത്രത്തോളം മാരകമാണെന്ന് മറ്റുള്ളവര്‍ക്ക് ബോദ്ധ്യമായത്. ഭൂമിക്കടിയിലായിരുന്നിട്ട് കൂടി ആ ആയുധ ഗോഡൗണ്‍ പരിപൂര്‍ണമായി നശിപ്പിക്കാന്‍ ഈ മിസൈലിന് സാധിച്ചിരുന്നു. ശബ്ദത്തെക്കാള്‍ പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ ഹൈപ്പര്‍സോണിക്ക് മിസൈലുകളെ കണ്ടെത്താന്‍ എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ക്കൊന്നും സാധിക്കില്ലെന്നതും ഇതിനെ കൂടുതല്‍ അപകടകാരിയാക്കുന്നു.

റഷ്യയുടെ ഏറ്റവും മികച്ച ആയുധമെന്നാണ് പ്രസിഡ‌ന്റ് വ്‌ളാദിമിര്‍ പുടിന്‍ കിന്‍ഴാല്‍ മിസൈലിനെ വിശേഷിപ്പിച്ചത്. ആണവായുധങ്ങള്‍ വഹിക്കാന്‍ സാധിക്കുന്ന കിന്‍ഴാല്‍ മിസൈലുകള്‍ ടി യു 22 എം 3 ബോംബര്‍ വിമാനങ്ങളില്‍ നിന്നും മിഗ് 31 കെ വിമാനങ്ങളില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കും. 2000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ മിസൈലുകള്‍ക്ക് ഇനിയും പുറത്ത് വിടാത്ത നിരവധി പ്രത്യേകതകളുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. യുക്രെയിനില്‍ കിന്‍ഴാല്‍ മിസൈലുകള്‍ പ്രയോഗിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം തന്നെയാണ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. യുക്രെയിനില്‍ മാരക ആയുധങ്ങളൊന്നും പ്രയോഗിക്കുന്നില്ലെന്നായിരുന്നു ഇതുവരെയും റഷ്യ ഔദ്യോഗികമായി അറിയിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button