ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബോസ്ട്രിങ് പാലമായ വലിയഴീക്കൽ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു
ആലപ്പുഴ : ബോസ്ട്രിങ് ആർച്ചുകളാൽ നിർമിച്ച, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പാലമായ വലിയഴീക്കൽ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ആലപ്പുഴ, കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച് കായംകുളം അഴിമുഖത്താണു പാലം നിർമിച്ചിരിക്കുന്നത്. പാലം തുറക്കുന്നതോടെ ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കലും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലും തമ്മിലുള്ള യാത്രാദൂരം 28 കിലോമീറ്റർ കുറയും. 146.5 കോടി രൂപയാണ് നിർമാണ ചെലവ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാറുകാർ. പാലം വന്നതോടെ ടൂറിസം മേഖലയിലും പുതുസാധ്യതകളിലേക്ക് വാതിൽ തുറക്കും. തീരദേശ ഹൈവേയിൽ അറബിക്കടലിന്റെ പൊഴിമുഖത്തിന് സമാന്തരമായി നിർമിച്ച പാലം സവിശേഷമായ രൂപകൽപ്പനയാൽ തന്നെ ശ്രദ്ധയാകർഷിക്കുന്നു. അഴീക്കൽ, വലിയഴീക്കൽ ബീച്ചുകളെയും ഹാർബറുകളെയും ബന്ധിപ്പിക്കുന്ന പാലത്തിലൂടെ യാത്ര കടലിലെയും കായലിലെയും മനോഹര കാഴ്ചകൾ സമ്മാനിക്കുന്നു.
പാലത്തിന്റെ നീളം 981 മീറ്ററാണ്. അപ്രോച്ച് റോഡ് ഉൾപ്പെടെ 1.216 കിലോമീറ്റർ. നടപ്പാതയുൾപ്പെടെ 13.2 മീറ്റർ വീതി. ജലോപരിതലത്തിൽ നിന്നു 12 മീറ്റർ ഉയരമുള്ള പാലത്തിന്റെ പ്രത്യേകത 29 സ്പാനുകൾ ഉള്ളതിൽ 110 മീറ്റർ നീളമുള്ള 3 ബോസ്ട്രിങ് ആർച്ച് സ്പാനുകളാണ്. 6 വർഷംകൊണ്ട് നിർമാണം പൂർത്തിയായി. 37, 12 മീറ്റർ നീളമുള്ള പതിമൂന്ന് വീതം സ്പാനുകളുമുണ്ട്. വാഹനങ്ങളുടെ ഭാരം പാലത്തിൽ നിന്ന് ആർച്ചിലേക്കെത്തിക്കാനായി മാക്–അലോയ് ബാറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള 90 ബാറുകളാണ് ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്തത്. 9അഴീക്കൽ ഭാഗത്തെ അപ്രോച്ച് റോഡിന് 90മീറ്ററും വലിയഴീക്കൽ ഭാഗത്തെ അപ്രോച്ച് റോഡിന് 145 മീറ്ററും നീളമാണുള്ളത്. ബിഎംബിസി സ്റ്റാൻഡേഡിലാണ് ടാറിങ് പൂർത്തിയാക്കിയത്. പോർട്ട് അതോറിറ്റിയുടെ നിയമമനുസരിച്ച് ജലപാതയ്ക്കായി 100 മീറ്റർ വീതി വേണ്ടതിനാൽ ബോസ്ട്രിങ് സ്പാൻ എന്ന ആശയത്തിലേക്ക് മാറുകയായിരുന്നു. വലിയ ബോട്ടുകൾക്കും ഇതുവഴി കടന്നുപോകാം.
ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ, പി.പ്രസാദ്, ജെ.ചിഞ്ചുറാണി, എംഎൽഎമാരായ രമേശ് ചെന്നിത്തല, സി.ആർ.മഹേഷ്, എംപിമാരായ എ.എം.ആരിഫ്, കെ.സോമപ്രസാദ്, കെ.സി.വേണുഗോപാൽ, മുൻമന്ത്രി ജി.സുധാകരൻ, ആലപ്പുഴ ജില്ലാ കലക്ടർ ഡോ.രേണു രാജ്, കൊല്ലം ജില്ലാ കലക്ടർ അഫ്സാന പർവീൺ എന്നിവർ പങ്കെടുത്തു.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/CdxsEocWwoa34JHSPxPzBv