തകർപ്പൻ ജയവുമായി എൽഡിഎഫ്: ഉപതെരഞ്ഞെടുപ്പിൽ 28 ൽ 15 സീറ്റ്
കൊച്ചി> പ്രതിപക്ഷവും കേന്ദ്ര ഏജൻസികളും വലതുമാധ്യമങ്ങളും ചേർന്ന് ഒഴുക്കിയ വ്യാജ പ്രചാരണങ്ങൾക്ക് നടുവിലും എൽഡിഎഫിന് ഉജ്ജ്വല വിജയം. സംസ്ഥാനത്ത് 12 ജില്ലകളിലായി ഉപതെരഞ്ഞെടുപ്പ് നടന്ന 28 തദ്ദേശഭരണ വാർഡുകളിൽ 15ലും വിജയം നേടി ജനപിന്തുണയിൽ തെല്ലും ഇടിവില്ലെന്ന് എൽഡിഎഫ് തെളിയിച്ചു. പതിനൊന്നിടത്താണ് യുഡിഎഫ് വിജയം. രണ്ടിടത്ത് ബിജെപിയും വിജയിച്ചു.
ഒരു നിയമസഭാമണ്ഡലത്തിന്റെ പകുതിയോളം വരുന്ന ഒരു ജില്ലാപഞ്ചായത്ത് വാർഡിലടക്കം വിജയക്കൊടി പാറിച്ച് എൽഡിഎഫ് തലയുയർത്തി നിൽക്കുന്നു.
പാലക്കാടായിരുന്നു ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്. ആലത്തൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് എൽ ഡി എഫ് സ്ഥാനാർത്ഥി പി എം അലി 7794 വോട്ടുകൾക്ക് വിജയിച്ചു. യുഡിഎഫിലെ എം സഹദിനെയാണ് തോൽപ്പിച്ചത്. ആകെ പോൾ ചെയ്ത 40014 വോട്ടിൽ പി എം അലി- (22099), എം സഹദ് (യു ഡി എഫ്– 14305) വി ഭവദാസൻ (ബി ജെ പി–3274), രാജേഷ് ആലത്തൂർ (സ്വത–336) എന്നിങ്ങനെ വോട്ടുകൾ നേടി. എൽഡിഎഫ് അംഗം കെ വി ശ്രീധരന്റെ നിര്യാണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.
തിരുവനന്തപുരം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഏകവാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കടയ്ക്കാവൂര്‍ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിൽ എൽഡിഎഫിലെ ബീന രാജീവ് 132 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കോണ്‍ഗ്രസ് അംഗമായിരുന്ന ബീനരാജീവ് രാജിവച്ച് എൽഡിഎഫിനൊപ്പം ചേർന്ന് മത്സരിക്കുകയായിരുന്നു.
കൊല്ലം ജില്ലയിലെ ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. വിളക്കുടി പഞ്ചായത്ത് ഒന്നാം വാർഡ് കുന്നിക്കോട് നോർത്തിലും, ഇടമുളയ്ക്കൽ നാലാംവാർഡ് തേവർതോട്ടത്തുമാണ് എൽഡിഎഫ് വിജയിച്ചത്. രണ്ടും എൽഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു. കൊല്ലം കോർപറേഷൻ മൂന്നാം ഡിവിഷൻ മീനത്തുചേരിയിൽ യുഡിഎഫ് വിജയിച്ചു. ഈ വാർഡ് എൽഡിഎഫിന് നഷ്‌ടമായി.
കുന്നിക്കോട് നോർത്ത് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി എൻ അനിൽകുമാർ 241വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ സലിം സൈനുദീനെയാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫ് അംഗമായിരുന്ന എം റഹിംകുട്ടിയുടെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
ഇടമുളയ്‌ക്കൽ പഞ്ചായത്തിലെ തേവർതോട്ടം വാർഡിൽ സിപിഐ എം അഞ്ചൽ ഏരിയ കമ്മിറ്റിഅംഗം പി അനിൽകുമാർ വിജയിച്ചു. 262വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി ബാബുജിയെയാണ് തോൽപിച്ചത്. സിപിഐ എം ഏരിയ കമ്മിറ്റിഅംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പി രാജീവിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
മീനത്തുചേരിയിൽ കൗൺസിലറായിരുന്ന എൽഡിഎഫിലെ രാജു നീലകണ്ഠന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ആർഎസ്‌പിയിലെ ദീപു ഗംഗാധരനാണ് വിജയിച്ചത്. 634വോട്ടിന്റെ ഭുരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി സന്ധ്യാ രാജുവിനെയാണ് പരാജയപ്പെടുത്തിയത്.
പത്തനംതിട്ട ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന ഏകവാർഡിൽ ബിജെപി ജയിച്ചു. കല്ലൂപ്പാറ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു. ബിജെപി സ്ഥാനാര്‍ഥി കെ ബി രാമചന്ദ്രനാണ് വിജയിച്ചത്. ഭൂരിപക്ഷം 93 വോട്ട്. എല്‍ഡിഎഫിലെ സുജ സത്യന് 361 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായി. യുഡിഎഫ് നേതൃത്വത്തിലാണ് പഞ്ചായത്ത് സമിതി. എൽഡിഎഫ് വിജയിച്ച വാർഡായിരുന്നു.
ആലപ്പുഴ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകൾ എൽഡിഎഫും ബിജെപിയും നിലനിർത്തി. എടത്വ പഞ്ചായത്തിലെ വാർഡ് 15 തായങ്കരി വെസ്റ്റ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിന്റെ സിപിഐ എം സ്വതന്ത്ര വിനിത ജോസഫ് 71 വോട്ടിന് വിജയിച്ചു. വനിതാ സംവരണ വാർഡിൽ എൽഡിഎഫിന്റെ എം എച്ച് മോളി അന്തരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. വിനിതക്ക് 288 വോട്ട് ലഭിച്ചു. കേരള കോൺഗ്രസിന്റെ റോസിലിൻ മാത്യു 217 വോട്ടുകളും ബിജെപിയുടെ പ്രമീള 109 വോട്ടുകളും നേടി. എൽഡിഎഫ്–4, യുഡിഎഫ്-9, സ്വതന്ത്രർ-2 എന്നിങ്ങനെയാണ് കക്ഷിനില.
തണ്ണീർമുക്കം പഞ്ചായത്ത് ആറാം -വാർഡിൽ നടന്ന ഉപതെരഞ്ഞടുപ്പിൽ ബിജെപിയുടെ വി പി ബിനു 83 വോട്ടിന് വിജയിച്ചു. എൽഡിഎഫ്-13, യുഡിഎഫ്-7 എന്നിങ്ങനെയാണ് കക്ഷിനില. ബിജെപിയുടെ വി പി ബിനു 518 വോട്ടുകൾ നേടി. എൽഡിഎഫിന്റെ സിപിഐ സ്ഥാനാർഥി ടി വി മഹേശൻ 268 ഉം, യുഡിഎഫ്സ്ഥാ നാർഥി സെബാസ്റ്റ്യൻ ടി മങ്കുഴിക്കരി 435 വോട്ടുകളും നേടി. എൻഡിഎയുടെ സാനു സുധീന്ദ്രൻ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
കോട്ടയം ജില്ലയിൽ നാല് തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും വിജയിച്ചു. പാറത്തോട് പഞ്ചായത്തിലെ ഒമ്പതാംവാർഡ്(ഇടക്കുന്നം) എൽഡിഎഫ് പിടിച്ചെടുത്തു. ജോസിന അന്ന ജോസ് 28 വോട്ടിനാണ് വിജയിച്ചത്. ഇവിടെ എസ്‌ഡിപിഐ രണ്ടാം സ്ഥാനത്തും യുഡിഎഫ് മൂന്നാമതുമാണ്.
വോട്ട് നില: ജോസിന അന്ന ജോസ്- (സിപിഐ)-–-369 -ഫിലോമിന ബേബി -എസ്‌ഡിപിഐ–– 341
മിനി സാം വർഗീസ് -കോൺഗ്രസ്–– 328
വെളിയന്നൂർ പഞ്ചായത്ത് ഏഴാംവാർഡ് എൽഡിഎഫ് നിലനിർത്തി. കേരള കോൺഗ്രസ് എമ്മിലെ അനുപ്രിയ സോമൻ 126 വോട്ടുകൾക്ക് യുഡിഎഫ് സ്വതന്ത്രൻ പി എ രാജനെ തോൽപ്പിച്ചു. വോട്ട് നില: അനുപ്രിയ സോമൻ ––306 പി എ രാജൻ 180 വോട്ട്
എരുമേലി പഞ്ചായത്ത് അഞ്ചാം വാർഡ് (ഒഴക്കനാട്) വാർഡ് യുഡിഎഫ് നിലനിർത്തി. അനിതാ സന്തോഷ് 232 വോട്ടുകൾ വിജയിച്ചു. വോട്ട് നില: അനിത സന്തോഷ് (കോൺഗ്രസ്)-–-609. പുഷ്പ ബാബു (എൽഡിഎഫ് സ്വതന്ത്ര)-–-377
ശോഭന പറമ്പിൽത്തോട്ടം-(ആം ആദ്മി പാർട്ടി)––110. രാധാമണി മോഹനൻ-(ബിജെപി)–-35. അനിത രാജേഷ് (സ്വതന്ത്രൻ) -13
കടപ്ലാമറ്റം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്വതന്ത്രൻ ഷിബു പോതമാക്കൽ 282 വോട്ടുകൾക്കാണ് വിജയിച്ചത്. വോട്ട് നില: ഷിബു പോതമാക്കൽ ––491 വോട്ട് . സി വി ജോർജ്(കേരളാ കോൺഗ്രസ് എം) –- 209, മോഹനൻ(ബിജെപി) ––34.
എറണാകുളം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഏകവാർഡ് എൽഡിഎഫ് വിജയിച്ചു. ഇവിടെ ബിജെപി മത്സരരംഗത്തുണ്ടായിരുന്നില്ല. പോത്താനിക്കാട് പഞ്ചായത്ത് പതിനൊന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർത്ഥി സാബു മാധവനാണ് വിജയിച്ചത്. യുഡിഎഫിലെ വി കെ രാജുവിനെ 43 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. സാബുവിന് 271 വോട്ടും രാജുവിന് 228 വോട്ടും ലഭിച്ചു. ആം ആദ്‌മി സ്ഥാനാർത്ഥി കെ കെ പ്രഭക്ക് 96 വോട്ട് കിട്ടി.
പട്ടികവർഗ സംവരണ വാർഡാണിത്. വാർഡംഗമായിരുന്ന സിപിഐ എമ്മിലെ കെ രാജന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. 13 വാർഡുള്ള പോത്താനിക്കാട് പഞ്ചായത്തിൽ ഭരണം യുഡിഎഫിനാണ്. യുഡിഎഫിന് ഏഴും എൽഡിഎഫിന് ആറും സീറ്റാണുള്ളത്.
തൃശൂർ ജില്ലയിലും ഒരു ബ്ലോക്ക് ഡിവിഷനടക്കം തെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എൽഡിഎഫ് വിജയിച്ചു. തളിക്കുളം ബ്ലോക്ക് തളിക്കുളം ഡിവിഷനിൽ സിപിഐ എമ്മിലെ വി കല വിജയിച്ചു. കടങ്ങോട് പഞ്ചായത്ത് ചിറ്റിലങ്ങാട് പതിനാലാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം കെ ശശിധരൻ (സി പി ഐ (എം) വിജയിച്ചു.രണ്ടിടത്തും എൽഡിഎഫ് സീറ്റ് നിലനിർത്തി.
പാലക്കാട് ജില്ലാ പഞ്ചായത്ത് വാർഡടക്കം അഞ്ചിടത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും വിജയിച്ചു. എൽഡിഎഫിന് ഒരു വാർഡ് നഷ്‌ടമായി. കടമ്പഴിപ്പുറം 17–-ാം വാർഡ് പാട്ടിമലയും വെള്ളിനേഴി ഒന്നാം വാർഡ് കാന്തള്ളൂരും എൽഡിഎഫ് നിലനിർത്തി. ആനക്കര പഞ്ചായത്തിലെ വാർഡ് ഏഴ് മലമക്കാവ് യുഡിഎഫ് നിലനിർത്തി. തൃത്താല പഞ്ചായത്തിലെ രണ്ടാം വാർഡ് വികെ കടവിൽ എൽഡിഎഫ് സിറ്റിങ് വാർഡിൽ യുഡിഎഫ് വിജയിച്ചു.
പാട്ടിമലയിൽ എൽഡിഎഫിലെ കുളക്കുഴി ബാബുരാജ് 51 വോട്ടിനാണ് വിജയിച്ചത്. ബാബുരാജിന് 449 വോട്ടും ബിജെപിയിലെ വേട്ടേക്കര ബാബുവിന് 398 വോട്ടും യുഡിഎഫിലെ മലമ്പള്ളയിൽ ഷിബുവിന് 246 വോട്ടുമാണ് ലഭിച്ചത്.
വെള്ളിനേഴി ഒന്നാം വാർഡ് കാന്തള്ളൂരിൽ എൽഡിഎഫിലെ പി ആർ സുധ 392 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സുധയ്‌ക്ക് 582 വോട്ടും തൊട്ടടുത്ത യുഡിഎഫ് സ്ഥാനാർഥ കെ ശോഭനയ്‌ക്ക് 190 വോട്ടും ബിജെപിയിലെ രജിത കോതാവിലിന് 141 വോട്ടുമാണ് ലഭിച്ചത് .
ആനക്കര പഞ്ചായത്തിലെ വാർഡ് ഏഴ് മലമക്കാവിൽ യുഡിഎഫിലെ പി ബഷീർ 234 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വാർഡ് നിലനിർത്തി. ബഷീറിന് 563 വോട്ടും എൽഡിഎഫിലെ സി പരമേശ്വരന് 329 വോട്ടും ബിജെപിയിലെ വിഷ്‌ണു മലമക്കാവ് 215 വോട്ടുമാണ് ലഭിച്ചത്.
തൃത്താല പഞ്ചായത്തിലെ രണ്ടാം വാർഡ് വികെ കടവിൽ യുഡിഎഫിലെ പി വി മുഹമ്മദാലി 256 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മുഹമ്മദാലിക്ക് 694 വോട്ടും എൽഡിഎഫിലെ അബ്‌ദുൾ വാഹിദിന് 438 വോട്ടും ബിജെപിയിലെ ബിജിത്തിന് 31 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞതവണ എൽഡിഎഫ് ജയിച്ച വാർഡാണ്.
ജില്ലയിലെ നാലു തദ്ദേശസ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി.
കരുളായി പഞ്ചായത്തിലെ 12ാം വാർഡ് ചക്കിട്ടാമലയിൽ യുഡിഎഫ് സ്ഥാനാർത്ഥി സുന്ദരൻ കരുവാൻ വിജയിച്ചു. യുഡിഎഫ് 575 വോട്ടും എൽഡിഎഫ് 507 വോട്ടും നേടി.
തിരുന്നാവായ പഞ്ചായത്തിലെ 14-ാം വാർഡ് അഴകത്തുകളത്ത് യുഡിഎഫ് സ്ഥാനാർഥി കളരിക്കൽ സോളമൻ വിക്ടർദാസ് വിജയിച്ചു. യുഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച അബ്ദുൾലത്തീഫിന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ് –- 607, എൽഡിഎഫ് –- 464 , ബിജെപി–-69, എസ്‌ഡിപിഐ–- 51 വോട്ടും നേടി
എ ആർ നഗർ പഞ്ചായത്തിലെ ഏഴാം വാർഡ് കുന്നുംപുറത്ത് യുഡിഎഫ് പാലമഠത്തിൽ കോഴിശേരി ഫിർദൗസ് വിജയിച്ചു. യുഡിഎഫ് –908-, എൽഡിഎഫ്– 238, ബിജെപി–- 55 വോട്ടും നേടി
ഊരകം പഞ്ചായത്തിലെ അഞ്ചാംവാർഡ് കൊടലികുണ്ടിൽ യുഡിഎഫ് സ്ഥാനാർഥി കരിമ്പൻ സമീറ വിജയിച്ചു. യുഡിഎഫ്–- 639 , എൽഡിഎഫ് – 286, എസ്‌ഡിപിഐ–- 27വോട്ടും നേടി.
കോഴിക്കോട് ജില്ലയിൽ ചെറുവണ്ണൂർ പഞ്ചായത്ത് കക്കറമുക്ക് വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൽഡിഎഫിലെ ഇ ടി രാധയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫിലെ പി മുംതാസ് (മുസ്ലീം ലീഗ്) ആണ് വിജയി. കഴിഞ്ഞതവണ 11 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് വിജയിച്ചത്. പഞ്ചായത്തിൽ എൽഡിഎഫിന്റെ ഭരണത്തെ ഫലം ബാധിക്കും. ഒരു സീറ്റിന്റെ ഭൂരിപക്ഷമാണ് നിലവിലുള്ളത്.
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി ബളാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്രൻ കെ എസ് പ്രമോദ് ജയിച്ചു. എല്‍ഡിഎഫിലെ പി കെ ദാമുവിനെ 204 വോട്ടിനാണ് തോല്‍പ്പിച്ചത്. പ്രമോദിനെ സിപിഐ എം പുറത്താക്കിയതിനെത്തുടർന്ന് അദ്ദേഹം കൗൺസിലർ സ്ഥാനം രാജിവച്ചു. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.
കണ്ണൂർ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാർഡുകളിലും എൽഡിഎഫ് വൻഭൂരിപക്ഷത്തോടെ വിജയിച്ചു. ശ്രീകണ്ഠപുരം നഗരസഭ -23 –-ാം വാർഡായ കോട്ടൂരിൽ എൽഡിഎഫ് സ്ഥാനാർഥി കെ സി അജിത 189 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു.
പേരാവൂർ പഞ്ചായത്തിലെ- ഒന്നാം വാർഡായ മേൽ മുരിങ്ങോടിയിൽ എൽഡിഎഫിന്റെ ടി രഗിലാഷ് 146 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു.
മയ്യിൽ പഞ്ചായത്ത്- എട്ടാം വാർഡായ വള്ളിയോട്ട് ഇ പി രാജൻ 301 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.