കേരളം

ആധാരം രജിസ്ട്രേഷൻ ഇനി ലളിതം ; പുതിയ രീതിക്ക് ഇന്ന് തുടക്കം.

കൊല്ലം :  ആധാരമെഴുതി രജിസ്ട്രേഷനുവേണ്ടി സബ് രജിസ്ട്രാര്‍ ഓഫിസുകളിലെത്തിക്കുന്ന രീതി അവസാനിക്കുന്നു.

രജിസ്ട്രേഷന്‍ നടപടികള്‍ ലളിതമാക്കുന്നതിന്‍റെ ഭാഗമായി ആധാരങ്ങള്‍ ഇനി ഫോം രൂപത്തില്‍ ഓണ്‍ലൈന്‍ വഴി തയാറാക്കുന്നതിനുള്ള സൗകര്യം രജിസ്ട്രേഷന്‍ വകുപ്പ് ഒരുക്കിക്കഴിഞ്ഞു. ആദ്യ പടിയായി ഇഷ്ടദാനം-ധനനിശ്ചയ ആധാരങ്ങളുടെ കൈമാറ്റ രജിസ്ട്രേഷനാണ് ഇങ്ങനെ മാറുന്നത്. ഇംഗ്ലീഷ് – മലയാളം ഭാഷകളില്‍ ധനനിശ്ചയാധാരങ്ങളുടെ കൈമാറ്റത്തിനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കി. പുതിയ രീതിയിലെ ഭൂമികൈമാറ്റ രജിസ്ട്രേഷന്‍ ഇന്നുമുതല്‍ ആരംഭിക്കും. പട്ടം സബ് രജിസ്ട്രാര്‍ ഓഫിസിന് കീഴിലുള്ള വില്ലേജുകളിലെ കുടുംബാംഗങ്ങളുടെ ഭൂമികൈമാറ്റ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍ ഫോം രൂപത്തിലാകും. ഉടന്‍ തന്നെ ഈ രീതി സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളിലും നടപ്പാകും.

കൈമാറ്റം ചെയ്യുന്ന ധനനിശ്ചയാധാരങ്ങളില്‍ ഭൂമി കൈമാറ്റം ചെയ്യുന്നവരുടെ ഫോട്ടോയും വിരലടയാളവും ഇലക്‌ട്രോണിക് സംവിധാനത്തിലൂടെയായിരിക്കും രേഖപ്പെടുത്തുന്നത്. എന്നാല്‍, സബ് രജിസ്ട്രാര്‍ ഓഫിസിലെ രജിസ്റ്ററില്‍ വിരലില്‍ മഷി പുരട്ടി വിരല്‍ പതിപ്പ് രേഖപ്പെടുത്തുന്ന നിലവിലെ രീതി തുടരും. ആധാരമെഴുത്ത് ലൈസന്‍സികളോ അഭിഭാഷകരോ വെണ്ടറില്‍ നിന്ന് മുദ്രപ്പത്രം വാങ്ങി ആധാരമെഴുതിയശേഷം മുദ്രപ്പത്രത്തില്‍ കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നവരുടെ ഫോട്ടോയും വിരലടയാളവും രേഖപ്പെടുത്തുകയും ആ വിവരങ്ങള്‍ ഫയലിങ് ഷീറ്റില്‍ പകര്‍ത്തിയെഴുതിയ ശേഷം ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ നല്‍കി, രജിസ്ട്രേഷന്‍ ഫീസ് അടച്ചശേഷം സബ് രജിസ്ട്രാര്‍ ഓഫിസുകളിലെത്തി രജിസ്റ്റര്‍ ചെയ്യുന്നതാണ് നിലവിലെ രീതി.

എന്നാല്‍, ഇനിമുതല്‍ കൈമാറ്റം ചെയ്യുന്നവരുടെ വിവരം ഓണ്‍ലൈനായി നല്‍കിയ ശേഷം മുദ്രപ്പത്രം വില, രജിസ്ട്രേഷന്‍ ഫീസ് എന്നിവ ഓണ്‍ലൈന്‍ വഴി അടച്ചാല്‍ മതി. തുടര്‍ന്ന്, സബ് രജിസ്ട്രാര്‍ ഓഫിസുകളിലെത്തുമ്ബോള്‍ രജിസ്റ്ററിങ് ഉദ്യോഗസ്ഥന്‍ പരിശോധിച്ച്‌ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കും. ഭൂമികൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആധാരമെഴുത്ത് ലൈസന്‍സികളോ അഭിഭാഷകരോ ഇല്ലാതെ സ്വയം ആധാരമെഴുതുന്നതിനുള്ള അനുമതി നല്‍കിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. ഘട്ടംഘട്ടമായി ഇടനിലക്കാരില്ലാതെ ഭൂമികൈമാറ്റ രജിസ്ട്രേഷന്‍ നടത്തുകയാണ് ലക്ഷ്യം.

യുവധാര ന്യൂസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button