Uncategorized

യുദ്ധരഹസ്യം ചോര്‍ന്നു, റഷ്യന്‍ സേനാ ഉപമേധാവിയെ പുറത്താക്കി?; റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്ന് യുഎസ് മുന്നറിയിപ്പ്


കീവ്: യുക്രൈന്‍ യുദ്ധത്തില്‍ മുന്നേറ്റമുണ്ടാകാതിരിക്കുകയും, നീണ്ടുപോകുകയും ചെയ്യുന്ന പക്ഷം റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.
സൈനികരുടെ എണ്ണത്തിലും പരമ്ബരാഗത യുദ്ധോപകരണങ്ങളിലും കുറവു വന്നാല്‍ റഷ്യയ്ക്ക് ആണവായുധങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നാണ് പെന്റഗണിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
സൈന്യത്തിന്റെയും ആയുധങ്ങളുടെയും എണ്ണം കുറയുന്ന പശ്ചാത്തലത്തിലും, സാമ്ബത്തിക ഉപരോധങ്ങള്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലും അത്യാധുനിക ആണവ പോര്‍മുനകള്‍ റഷ്യ പ്രയോഗിക്കാന്‍ സാധ്യതയുണ്ട്- 67 പേജുള്ള റിപ്പോര്‍ട്ടില്‍ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ലഫ്. ജനറല്‍ സ്‌കോട്ട് ബെരിയര്‍ വ്യക്തമാക്കി.

ശക്തി ക്ഷയിച്ചെന്ന തരത്തിലുള്ള പൊതുനിരീക്ഷണത്തെ മറികടക്കാനും പശ്ചാത്യ രാജ്യങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാനും റഷ്യ ആണവായുധം പ്രയോഗിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുക്രൈനില്‍ യുദ്ധം നടത്തുന്ന റഷ്യന്‍ സൈന്യം കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും, കര-വ്യോമ-ജല മാര്‍ഗങ്ങളിലൊന്നും മുന്നേറ്റം നടത്താനാകുന്നില്ലെന്നും ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈനിക രഹസ്യങ്ങള്‍ ചോര്‍ന്നതു മൂലം പുറത്താക്കി ?

അതിനിടെ, റഷ്യന്‍ നാഷണല്‍ ഗാര്‍ഡ് ഉപമേധാവി ജനറല്‍ റോമന്‍ ഗാവ്‌റിലോവ് രാജിവെച്ചു. ഇദ്ദേഹത്തെ പ്രസിഡന്റ് പുടിന്‍ പുറത്താക്കിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൈനിക രഹസ്യങ്ങള്‍ ചോര്‍ന്നതു മൂലം റഷ്യക്ക് കാര്യമായ സൈനീക നാശമുണ്ടായി എന്നാരോപിച്ചാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്‌എസ്ബി) ജനറല്‍ ഗാവ്‌റിലോവിനെ അറസ്റ്റു ചെയ്തതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്തു.

സെലന്‍സ്‌കിക്ക് നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ

ഏതാനും യൂറോപ്യന്‍ രാഷ്ട്രീയനേതാക്കള്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്തു. റഷ്യന്‍ ധനമന്ത്രാലയത്തിനും ബാങ്കുകള്‍ക്കും ഓസ്‌ട്രേലിയ ഉപരോധം ഏര്‍പ്പെടുത്തി. പ്രസിഡന്റ് പുടിനെ യുദ്ധക്കുറ്റവാളി എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിളിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രൈംലിന്‍ രംഗത്തെത്തി. ബൈഡന്റെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്നും പൊറുക്കാവുന്നതല്ലെന്നും പുടിന്റെ ഓഫീസ് വ്യക്തമാക്കി.

ഏതുവിധേനയും പ്രതിരോധിക്കുമെന്ന് സെലന്‍സ്‌കി

റഷ്യന്‍ ആക്രമണത്തെ നമ്മള്‍ ഏതുവിധേനയും പ്രതിരോധിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്‌കി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. നമ്മള്‍ ഒരിക്കലും നാടു വിട്ടുപോകില്ല. യുക്രൈന്‍ സൈന്യം, പൊലീസ്, മനുഷ്യാവകാശ സംഘടനകള്‍, പള്ളികള്‍ തുടങ്ങി എല്ലാം ജനങ്ങള്‍ക്കൊപ്പമുണ്ട്. നമ്മുടെ മരിയൂപോള്‍, കീവ്, ഹാര്‍കീവ്, ചെര്‍ണീവ് തുടങ്ങിയ മേഖലകളിലെല്ലാം കടുത്ത ബുദ്ധിമുട്ട് നേരിടുകയാണ്. ഇവിടുത്തെ ജനങ്ങള്‍ ഹീറോകളാണ്. അതിക്രമം കാട്ടിയ റഷ്യയോട് ഒരിക്കലും നാം പൊറുക്കുകയുമില്ല. നാം ഉടന്‍ തന്നെ സ്വതന്ത്രരാകും. വീഡിയോ സന്ദേശത്തില്‍ സെലന്‍സ്‌കി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button