താനൂർ തൂവൽതീരത്ത് ബോട്ട് മുങ്ങി 19 മരണം ; അപകടത്തിൽപ്പെട്ടത് വിനോദയാത്രാസംഘം
അപകടത്തിൽപ്പെട്ടത് വിനോദയാത്രാസംഘം
മലപ്പുറം
താനൂർ ഒട്ടുംപുറം തൂവൽതീരത്ത് സ്വകാര്യ ഹൗസ്‌ബോട്ട് മറിഞ്ഞ് 11 കുട്ടികളുൾപ്പെടെ 19 പേർ മരിച്ചു. മുപ്പതോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഞായർ രാത്രി ഏഴരയോടെയാണ് അപകടം. തൂവൽതീരത്തുനിന്ന് പുറപ്പെട്ട ബോട്ടാണ് അരക്കിലോമീറ്ററിനുള്ളിൽ പൂരപ്പുഴയിൽ അപകടത്തിൽപ്പെട്ടത്.
ഒരുവശത്തേക്ക് ചെരിഞ്ഞ ബോട്ട് തലകീഴായി മറിയുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന മറ്റൊരു വിനോദസഞ്ചാര ബോട്ട് അപകടം കണ്ട് തിരിച്ചുപോയി യാത്രക്കാരെ ഇറക്കിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും ഇരുട്ട് തടസ്സമായി. അഗ്‌നിരക്ഷാ യൂണിറ്റുകളും പൊലീസും എത്തിയാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത്. തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്കാണ് ആളുകളെ മാറ്റിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രി, കോട്ടക്കലിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലായാണ് മൃതദേഹങ്ങൾ. അപകടത്തിൽപ്പെട്ട ബോട്ട് അഗ്‌നിരക്ഷാസേന കയർകെട്ടി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തീരത്തേക്ക് അടുപ്പിച്ചു. ബോട്ട് വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. മന്ത്രിമാരായ വി അബ്ദുറഹിമാനും പി എ മുഹമ്മദ് റിയാസും സ്ഥലത്തെത്തി.