അന്തർദേശീയം

കശ്മീർ മുതൽ ആയുധപ്പുര വരെ; എന്ത് കൊണ്ട് ഇന്ത്യ റഷ്യയെ തള്ളിപ്പറയുന്നില്ല?

യുക്രെെനിലേക്കുള്ള റഷ്യൻ സൈന്യത്തിന്റെ ആക്രമണം ആ​ഗോള തലത്തിൽ വിമർശിക്കപ്പെ‌ടവെ ഇന്ത്യ വിഷയത്തിൽ സ്വീകരിച്ച നയം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാവുകയാണ്. ഇരു രാജ്യങ്ങളെയും തള്ളിപ്പറയാതെ ഒരു മധ്യസ്ഥ ചർച്ച മുന്നോട്ട് വെച്ച് ഒരു ഫൈൻ ലൈൻ നയമാണ് ഇന്ത്യ വിഷയത്തിൽ സ്വീകരിച്ചത്. റഷ്യൻ സൈനികാധിവേശത്തിനെതിരെ യുഎൻ സുരക്ഷാ സമിതിയിൽ പ്രമേയം അവതരിപ്പിച്ചപ്പോഴും ഇന്ത്യ വോട്ടിം​ഗിൽ നിന്ന് വി‌ട്ടു നിന്നു.

റഷ്യയോടുള്ള ഇന്ത്യയുടെ ഈ നയത്തിന് പലവിധ കാരണങ്ങളാണുള്ളത്. ചരിത്രപരമായ ഊഷ്മള ബന്ധത്തിനൊപ്പം തന്നെ പ്രതിരോധ മേഖലയിലുൾപ്പെ‌ടെ റഷ്യക്ക് ഇന്ത്യയുമായി നിരവധി കരാറുകളുണ്ട്. ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാണ് റഷ്യ. 1970 കളോ‌ടെ റഷ്യയിൽ നിന്നും വലിയ തോതിൽ ഇന്ത്യയിലേക്ക് ആയുധം ഇറക്കുമതി ചെയ്യുന്നുണ്ട്. ആണവ മുങ്ങിക്കപ്പലുകൾ, എയർക്രാഫ്റ്റ് ക്യാരിയറുകൾ, ‌ടാങ്കറുകൾ, ഫൈറ്റർ ജെറ്റുകൾ, മിസൈലുകൾ തുടങ്ങി ചെറുതും വലുതുമായി ഒട്ടനവധി പടക്കോപ്പുകൾ റഷ്യയിൽ നിന്നും ഇന്ത്യ വാങ്ങുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നും ആയുധങ്ങൾ വാങ്ങുകയും ആഭ്യന്തര തലത്തിൽ ആയുധ ഉൽപാദനം ഇന്ത്യ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയു‌ടെ ആയുധപ്പുരയിലെ സിംഹഭാ​ഗവും ഇപ്പോഴും റഷ്യയിൽ നിന്ന് തന്നെയാണ്.

2000 നും 2020 നും ഇടയിൽ ഇന്ത്യയിലെ ആയുധ ഇറക്കുമതിയിൽ 66.5 ശതമാനവും റഷ്യയിൽ നിന്നാണ്. ആ പത്ത് വർഷത്തിനിടയിൽ ആയുധം വാങ്ങാൻ ഇന്ത്യ ചെലവാക്കിയ 53.85 ബില്യൺ ഡോളറിൽ 35.82 ബില്യൺ ഡോളറും എത്തിയിരിക്കുന്നത് റഷ്യയുടെ പോക്കറ്റിലും. ഇതേകാലയളവിൽ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങിയതാവ‌ട്ടെ 4.4 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ മാത്രവും.

ആയുധകച്ചവടം മാറ്റി നിർത്തിയാൽ നയതന്ത്ര തലത്തിലും റഷ്യയോടുള്ള ഇന്ത്യൻ നയത്തിന് കാരണങ്ങളുണ്ട്. 1971 ൽ പാക്സിതാനെതിരായ യുദ്ധം ഇന്ത്യ ജയിച്ചതിന് പ്രധാന കാരണം റഷ്യയു‌ടെ പിന്തുണയായിരുന്നു.  കശ്മീർ വിഷയത്തിൽ ഇന്ത്യക്കനുകൂലമായ നയമാണ് റഷ്യ സ്വീകരിച്ചത്. കഴിഞ്ഞ വർഷങ്ങളിലെ ആർട്ടിക്കിൾ 370 വിവാദങ്ങളിൽ മാത്രമല്ല കശ്മീർ വിഷയത്തിൽ എപ്പോഴും റഷ്യ ഇന്ത്യക്കനുകൂലമായിരുന്നു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് റഷ്യയുടെ അഭിപ്രായം. കശ്മീർ വിഷയത്തിൽ യുഎൻ സുരക്ഷാ സമിതി പ്രമേയം അവതരിപ്പിച്ചപ്പോൾ റഷ്യ വീറ്റോ ചെയ്യുകയാണുണ്ടായത്. 1957, 1962, 1971 എന്നീ വർഷങ്ങളിൽ യുഎൻ കശ്മീർ വിഷയത്തിൽ ഇ‌ടപെ‌ട്ടപ്പോൾ റഷ്യ പ്രമേയങ്ങൾക്കതിരെ വീറ്റോ ചെയ്യുകയായിരുന്നു.

1955 ൽ അന്നത്തെ സോവിയറ്റ് യൂണിയൻ നേതാവ് നികിത ഖ്രുഷ്ചെവ് ശ്രീന​ഗർ സന്ദർശിച്ചപ്പോൾ സംസാരിച്ചത് വാക്കുകളിങ്ങനെയാണ്. ‘നമ്മൾ വളരെ അ‌ടുത്താണ്. ഈ മലമുകളിൽ നിന്നും നിങ്ങൾ ഞങ്ങളെ വിളിച്ചാൽ നിങ്ങളുടെ ഭാ​ഗത്ത് ഞങ്ങൾ വരും’.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button