യൂറോപ് സ്വന്തം സേനയുണ്ടാക്കണം : വ്ലോദോമിർ സെലൻസ്കി

കിയവ് : യൂറോപ്യൻ സൈന്യമുണ്ടാക്കണമെന്ന ആവശ്യവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ലോദോമിർ സെലൻസ്കി. റഷ്യയുമായുള്ള ചർച്ചയിൽ യുറോപ്യൻ രാജ്യങ്ങളും ഒപ്പംവേണമെന്നും സെലൻസ്കി പറഞ്ഞു. മ്യൂണിക്കിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സെലൻസ്കിയുടെ പരാമർശം.
അമേരിക്കക്ക് ഭീഷണിയുള്ള കാര്യങ്ങളിൽ യൂറോപിനോട് നോ പറയാനും അവർ മടിക്കില്ലെന്ന് സെലൻസ്കി പറഞ്ഞു. യൂറോപ് സ്വന്തം സേനയുണ്ടാക്കണം. അതിനുള്ള സമയം വന്നിരിക്കുകയാണെന്നും സെലൻസ്കി കൂട്ടിച്ചേർത്തു. ഞങ്ങളെ പിന്തുണക്കുന്നവരെ ഉൾപ്പെടുത്താത്ത കരാറിനെ അനുകൂലിക്കില്ല. യുക്രെയ്നില്ലാതെ യുക്രെയ്നെ സംബന്ധിച്ച് ഒരു ചർച്ചയുമുണ്ടാില്ല. യൂറോപില്ലാതെ യൂറോപിനെ കുറിച്ച് ഒരു തീരുമാനവും ഉണ്ടാവില്ലെന്നും സെലൻസ്കി പറഞ്ഞു.
യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി സംസാരിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. റഷ്യൻ പ്രസിഡന്റുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷം ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായും സംസാരിച്ചു. തന്റെ പുതിയ ഭരണകൂടത്തിന്റെ ആദ്യ ദിവസം തന്നെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന് പ്രചാരണ വേളയിൽ ട്രംപ് അവകാശപ്പെട്ടിരുന്നു. നാറ്റോയിൽ യുക്രെയ്ന് അംഗത്വം നൽകില്ലെന്ന ഉറപ്പും ട്രംപ് നൽകിയിരുന്നു.
ഒട്ടേറെ പേരാണ് യുദ്ധത്തിൽ മരിക്കുന്നത്. അതിനാൽ മേഖലയിൽ സമാധാനം സ്ഥാപിക്കണമെന്ന് താൻ കരുതുന്നതായി ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ച ഉടൻ നടത്താമെന്ന് പുടിൻ സമ്മതിച്ചുവെന്ന് ട്രംപ് കൂട്ടിച്ചേർത്തു.