യുക്രെയ്ന്റെ ദേശീയതാൽപര്യങ്ങളിലോ പരമാധികാരത്തിലോ വിട്ടുവീഴ്ച ചെയ്യില്ല : സെലൻസ്കി

കീവ് : യുക്രെയ്ന്റെ ദേശീയതാൽപര്യങ്ങളിലോ പരമാധികാരത്തിലോ താൻ വിട്ടുവീഴ്ച ചെയ്യില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കി. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള വ്യവസ്ഥകളുടെ പേരിൽ സഖ്യകക്ഷിയായ അമേരിക്കയിൽ നിന്നും കടുത്ത സമ്മർദ്ദം നേരിടുകയാണെന്നും സെലൻസ്കി പറഞ്ഞു. നിർദ്ദിഷ്ട കരാറിൽ ഭേദഗതികൾ ആവശ്യപ്പെടുമെന്നും ബദൽ മാർഗങ്ങൾ നിർദ്ദേശിക്കുമെന്നും യുക്രൈൻ പ്രസിഡന്റ് വ്യക്തമാക്കി.
റഷ്യക്ക് ഗുണകരമായ നിരവധി വ്യവസ്ഥകളുള്ള കരാറിനു വഴങ്ങാൻ അമേരിക്ക യുക്രെയ്നു മേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സെലൻസ്കി. ട്രംപ് ഭരണകൂടം തയാറാക്കിയ കരാർ അംഗീകരിച്ചില്ലെങ്കിൽ ആയുധസഹായവും ഇന്റലിജൻസ് കൈമാറ്റവും നിർത്തുമെന്നാണ് യുക്രെയ്നോട് ട്രംപിന്റെ ഭീഷണി. നവംബർ 27നകം കരാറിൽ ഒപ്പിടണമെന്നാണ് അന്ത്യശാസനം.
യുദ്ധത്തിൽ പിടിച്ചെടുത്ത യുക്രെയ്ന്റെ അഞ്ചുമേഖലകൾ റഷ്യയ്ക്ക് വിട്ടുകൊടുക്കണമെന്ന് പ്രധാന വ്യവസ്ഥ. സൈനികരുടെ എണ്ണം കുറയ്ക്കണമെന്നും 100 ദിവസത്തിനകം യുക്രെയ്നിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും ട്രംപിന്റെ 28 ഇന കരാറിന്റെ കരടിലുണ്ട്.



