റഷ്യ -യുക്രെയ്ൻ സംഘർഷം : സെലൻസ്കി പാരിസിൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി

പാരിസ് : റഷ്യ -യുക്രെയ്ൻ സംഘർഷം തുടരുന്നതിനിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പാരിസിൽ പ്രസിഡന്റിന്റെ എലിസി കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി.
ഞായറാഴ്ച ഫ്ലോറിഡയിൽ യുക്രെയ്ൻ-യു.എസ് അധികൃതർ തമ്മിലുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു സെലൻസ്കിയുടെ പാരിസ് സന്ദർശനം. റഷ്യ- യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി യു.എസ് തയാറാക്കിയ നിർദിഷ്ട പദ്ധതികളിലായിരുന്നു ചർച്ച. റഷ്യയുടെ താൽപര്യങ്ങൾക്ക് പ്രാമുഖ്യമുള്ള പദ്ധതിയിൽ മാറ്റങ്ങളും ഭേദഗതികളും ആവശ്യമാണെന്ന് ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു. യു.എസ് മുന്നോട്ടുവെക്കുന്ന സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുമ്പോഴും യു.എസ് തയാറാക്കിയ സമാധാന പദ്ധതിയിലെ ചില നിർദേശങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ന്യായവും ശാശ്വതവുമായ സമാധാന വ്യവസ്ഥകൾ ഇരു നേതാക്കളും ചർച്ചചെയ്യുമെന്ന് സെലൻസ്കി -മാക്രോൺ കൂടിക്കാഴ്ചക്ക് മുന്നോടിയായി മാക്രോണിന്റെ ഓഫിസ് അറിയിച്ചിരുന്നു.
അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യു.എസ് പ്രസിഡന്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി ചൊവ്വാഴ്ച വൈകീട്ട് കൂടിക്കാഴ്ച നടത്തുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.



