ശ്രീലങ്കയിൽ റനിൽ വിക്രമസിംഗെ പ്രധാനമന്ത്രി; പിന്തുണച്ച് മഹിന്ദ രാജപക്സെ.
കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി യുഎൻപി
(യുണൈറ്റഡ് നാഷനൽ പാർട്ടി) നേതാവ് റനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് ഗോട്ടബയ്യ രാജപക്സെ സത്യവാചകം ചൊല്ലിക്കൊടുത്തു.
രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ രാജിയെത്തുടർന്നാണ് ഒത്തുതീർപ്പിലൂടെ റനിൽ പ്രധാനമന്ത്രിയായത്. ഭരണസഖ്യമായ ശ്രീലങ്ക പൊതുജന പെരമുന (എസ്എപിപി) റനിലിനെ പിന്തുണച്ചു. സ്ഥാനമേറ്റ റനിലിനെ മഹിന്ദ രാജപക്സെ അഭിനന്ദിച്ചു.
2020 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തോറ്റ റനിൽ പിന്നീട് യുഎൻപിക്ക് ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിൽ നോമിനേഷനിലൂടെയാണ് സഭയിലെത്തിയത്. യുഎൻപിയുടെ ഏക പാർലമെന്റ് അംഗമാണ് റനിൽ. മുൻപ് 1993 മുതൽ വിവിധ കാലഘട്ടങ്ങളിൽ 5 തവണ പ്രധാനമന്ത്രി പദം വഹിച്ച റനിൽ രാജ്യാന്തര തലത്തിൽ ശ്രീലങ്കയുടെ അറിയപ്പെടുന്ന രാഷ്ട്രീയ മുഖമാണ്.
ശ്രീലങ്കൻ രാഷ്ട്രീയത്തിൽ രാജപക്സെ കുടുംബത്തിനെതിരെ എന്നും മറുചേരിയിൽ നിലയുറപ്പിച്ച ശക്തനായ നേതാവാണ് പുതിയ സാഹചര്യത്തിൽ അവർക്കൊപ്പം ചേരുന്നത്. പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കുകയാണ് സർക്കാർ നേരിടുന്ന ആദ്യ വെല്ലുവിളി.
റനിൽ ഇതുവരെ രാജപക്സെമാരോട് രഹസ്യബന്ധത്തിലായിരുന്നെന്നും പുതിയ സർക്കാർ 3 മാസത്തിനുള്ളിൽ നിലംപതിക്കുമെന്നും ജനത വിമുക്തി പരമുന ആരോപിച്ചു.
റനിലിന്റെ പേര് ഉയർന്നുവന്നതോടെ പ്രതിപക്ഷനേതാവ് സജിത് പ്രേമദാസ പുതിയ നിബന്ധനകളുമായി രംഗത്തു വന്നിരുന്നു. ഗോട്ടബയ നിശ്ചിത കാലയളവിനുള്ളിൽ സ്ഥാനമൊഴിഞ്ഞാൽ പ്രധാനമന്ത്രി പദവി ഏറ്റെടുക്കാമെന്നും വ്യക്തമാക്കിയിരുന്നു.
യുവധാര ന്യൂസ്